കോഴിക്കോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. ശുപാർശ ചെയ്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. വ്യവസായവകുപ്പിന്റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കെ.മുരളീധരൻ എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രാലയം കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയമാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്.
കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനുള്ള എയിംസ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിനും ഇതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്.
2014ൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുമെന്ന് എൻഡിഎ സർക്കാർ വ്യക്തമാക്കിയിരുന്നു.
















Comments