മാനസിക വൈകല്യമുള്ള ഇന്ത്യൻ-മലേഷ്യൻ വംശജനെ മയക്കുമരുന്ന് കടത്തിയതിന് തൂക്കിക്കൊന്നു; പ്രതിഷേധവുമായി അന്താരാഷ്‌ട്ര സമൂഹം

Published by
Janam Web Desk

സിംഗപ്പൂർ : മാനസിക വൈകല്യമുളള യുവാവിനെ മയക്കുമരുന്ന് കേസിൽ തൂക്കിലേറ്റി സിംഗപ്പൂർ കോടതി. ഇന്ത്യൻ-മലേഷ്യൻ വംശജനായ നാഗേന്ദ്ര ധർമ്മലിംഗത്തെയാണ് 43 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിച്ചത്.

പത്ത് വർഷം മുൻപ് ഇയാൾക്ക് സിംഗപ്പൂർ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ യുവാവിന്റെ മാനസിക വൈകല്യം ചൂണ്ടിക്കാട്ടി വിട്ടയയ്‌ക്കണമെന്ന് പ്രതിയുടെ അമ്മ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര തലത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പ്രതിയെ തൂക്കിലേറ്റിയത്.

സാധാരണ മനുഷ്യരുടെ ഐക്യു ലെവൽ 85-115 വരെയായിരിക്കും. എന്നാൽ നാഗേന്ദ്രയുടെ ഐക്യു ലെവൽ 69 ആയിരുന്നു. മാനസിക വൈകല്യമുള്ളയാളുകളെ വധശിക്ഷയ്‌ക്ക് വിധിക്കരുതെന്ന് അന്താരാഷ്‌ട്ര നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇത് കണക്കിലെടുക്കാതെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം മുൻനിർത്തിയാണ് സിംഗപ്പൂർ കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

കോടതിയിൽ നിന്നും അനീതി നേരിടേണ്ടിവന്ന നാഗേന്ദ്ര ധർമ്മലിംഗത്തിന്റെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുമെന്ന് സന്നദ്ധ സംഘടനകൾ വ്യക്തമാക്കി. വൈകല്യങ്ങളും, മാനസിക അസ്വാസ്ഥ്യവുമുള്ള ഒരു മനുഷ്യനെ മൂന്ന് ടേബിൾസ്പൂൺ ഡയമോർഫിൻ കൊണ്ടുപോകാൻ നിർബന്ധിതനായത് കൊണ്ട് തൂക്കിലേറ്റുന്നത് ന്യായീകരിക്കാനാവാത്ത അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇവർ ആരോപിച്ചു.

Share
Leave a Comment