അഹമ്മദാബാദ് : കേന്ദ്ര സർക്കാർ പോലും പ്രശംസിച്ച ഡാഷ് ബോർഡ് സംവിധാനം പഠിക്കാനാണ് കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി അടക്കമുളളവർ ഗുജറാത്തിലെത്തുന്നത്. ഗുജറാത്ത് മോഡൽ വികസനമെന്ന് പരിഹസിച്ചവർക്ക് കാലം നൽകിയ മറുപടി കൂടിയായി ഈ തീരുമാനം. ഭരണമികവും ഫയലുകളുടെ വേഗവും ഉറപ്പു വരുത്തുന്നതാണ് ഡാഷ് ബോർഡ് സംവിധാനം.
സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഈ പദ്ധതിക്ക് തടുക്കം കുറിച്ചത്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന രീതിയാണിത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ചും, അതിലെ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാനാകും. ഗ്രാമതലത്തിൽ വരെ നേരിട്ട് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാനും മുഖ്യമന്ത്രിക്ക് സാധിക്കും.
വിവിധ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്ന് 20 സർക്കാർ മേഖലകളിലെ 3000 ത്തിൽ അധികം സൂചകങ്ങളുടെ ശേഖരണം നടത്തുകയും എല്ലാ പ്രധാന പങ്കാളികളെയും, അതായത് എല്ലാ സെക്രട്ടറിമാരെയും, ഒരൊറ്റ പ്ലാറ്റ്ഫോമിൽ സമന്വയിപ്പിക്കയും ചെയ്യുന്ന പദ്ധതിയാണിത്.
കൊറോണ കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് കൃത്യമായി ചികിത്സ ലഭിക്കാൻ കാരണവും ഈ പദ്ധതിയാണ്. ഉദ്യോഗസ്ഥ പരിഷ്‌കരണം, വൻകിട പദ്ധതികളുടെ നടപ്പാക്കൽ, ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഏകോപിപ്പിക്കൽ, വ്യക്തിഗത നിരീക്ഷണം തുടങ്ങിയവയ്‌ക്ക് ഉപകരിക്കുന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡ് സിസ്റ്റം. രാജ്യത്ത് തന്നെ വളരെയേറെ ശ്രദ്ധേയമായ പദ്ധതിയാണെന്ന അഭിനന്ദനവും ഇത് നേടിയിട്ടുണ്ട്.
















Comments