ലക്‌നൗ: ഉത്തർപ്രദേശിൽ 4,256 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം ആരാധനാലയങ്ങളിലെ അധികൃതർ സ്വമേധയാ നീക്കം ചെയ്ത ഉച്ചഭാഷിണികളുടെ കണക്കാണിത്. കൂടാതെ 28,186 ഉച്ചഭാഷിണികളുടെ ശബ്ദം താഴ്‌ത്തിയെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആഗ്ര മേഖലയിൽ 30 ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 905 ഉച്ചഭാഷിണികളുടെ ശബ്ദം താഴ്‌ത്തുകയും ചെയ്തു. മീററ്റിൽ 1,215 ഉച്ചഭാഷിണികൾ നീക്കം ചെയ്തു, 5,976 എണ്ണത്തിന്റെ ശബ്ദം താഴ്‌ത്തി. ലക്‌നൗവിൽ 6,400 എണ്ണത്തിന്റെ ശബ്ദം കുറയ്‌ക്കുകയും 912 എണ്ണം എടുത്തുമാറ്റുകയും ചെയ്തു. കാൺപൂരിലെ 349 എണ്ണവും പ്രയാഗ്‌രാജിലെ ഒരെണ്ണവും നീക്കം ചെയ്തിട്ടുണ്ട്. ഇരുസ്ഥലങ്ങളിലെയും ഏകദേശം ആയിരത്തോളം ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചെന്നുമാണ് കണക്ക്.
സംസ്ഥാനത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുകയോ ശബ്ദം താഴ്‌ത്തുകയോ വേണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. ശബ്ദ പരിധിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്നും അനധികൃതമായി സ്ഥാപിച്ചവ എടുത്തുമാറ്റുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങളുടെ നീക്കം.
ഉത്തരവ് അനുസരിക്കാത്ത ആരാധനാലയങ്ങളുടെ പട്ടിക ഏപ്രിൽ 30നകം സമർപ്പിക്കണമെന്നാണ് പോലീസിന് ലഭിച്ച നിർദേശം. എല്ലാ ജില്ലകളിലെയും ഡിവിഷണൽ കമ്മീഷണർമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനമൊട്ടാകെ ക്യാമ്പയിന് തുടക്കമിട്ടിട്ടുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു.
















Comments