പാലക്കാട് : പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്രമസമാധാന നില വിലയിരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം പോലീസ് അധികൃതരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലൊണ് 144 പിൻവലിച്ചത്.
അതേസമയം നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ സർക്കാർ പരസ്യമായി നിയമലംഘനം നടത്തിയിരുന്നു. 144 നിലനിൽക്കെയാണ് സർക്കാർ വാർഷികാഘോഷവും, ഘോഷയാത്രയും സംഘടിപ്പിച്ചത്. ഇത് വിവാദങ്ങൾക്ക് വഴിവെച്ചു.
ഇതിന് പിന്നാലെ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് വി കെ ശ്രീകണ്ഠൻ എംപിയും രംഗത്തെത്തി. സർക്കാർ നിയമം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. നിയമം ആര് ലംഘിച്ചാലും കേസെടുക്കണം. ആഘോഷത്തിൽ പങ്കെടുത്ത മന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യത്തിൽ സർക്കാർ വാർഷികാഘോഷം പാലക്കാട് ജില്ലയിൽ മാറ്റിവയ്‌ക്കണമായിരുന്നു എന്നും എംപി അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ഈ നിലപാടിനെതിരെ പൊതുജനങ്ങളിൽ നിന്നും വിമർശനം ശക്തമായിരുന്നു. നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് മാത്രമായിട്ടാണോയെന്ന വിമർശനങ്ങളായിരുന്നു ഉയർന്നത്.
Comments