മുംബൈ: പാർലമെന്റ് അംഗം നവനീത് കൗർ റാണയെയും ഭർത്താവ് രവി റാണയെയും കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാണാ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ മോചനത്തിനായി ഇവരുടെ മകൾ വീട്ടിൽ പ്രാർത്ഥന ചൊല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
എട്ട് വയസ്സുള്ള മകൾ ആരോഹി അമരാവതിയിലെ വീട്ടിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും മാതാപിതാക്കളുടെ മോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. ഹനുമാൻ ചാലിസ പാരായണ പരിപാടിയിൽ അടുത്ത ബന്ധുക്കളും അനുയായികളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നിലവിൽ നവനീത് റാണയും രവി റാണയും ജയിലിലാണ്. തന്റെ മാതാപിതാക്കളെ മോചിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്ന് ആരോഹി പറഞ്ഞു. ഉച്ചഭാഷിണി വിവാദങ്ങൾക്കിടെ ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയ്‌ക്ക് പുറത്ത് ഹനുമാൻ ചാലിസ ജപിയ്‌ക്കുമെന്ന് റാണാ ദമ്പതികൾ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവരുടെ വീടിന് മുന്നിൽ ശിവസേന പ്രവർത്തകർ ഒത്തുകൂടി അക്രമം അഴിച്ചുവിടുകയായിരുന്നു.
ഐപിസി സെക്ഷൻ 153(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ സംഘങ്ങൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുക), സെക്ഷൻ 135, മുംബൈ പോലീസ് ആക്ട് (പോലീസിന്റെ നിരോധന ഉത്തരവുകളുടെ ലംഘനം) എന്നിവ പ്രകാരമാണ് റാണാ ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Comments