തിരുവനന്തപുരം: ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയിൽ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടതെന്ന് പിസി ജോർജ്ജ്. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പൻ ഒരു യാഥാർത്ഥ്യമാണെന്നും നിഷേധിക്കാനാകില്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.
ഹൈന്ദവൻ ആരാണെന്ന് സ്വയം ആലോചിക്കാൻ സമയം കഴിഞ്ഞു. പളളി ഭരിക്കുന്നത് ക്രിസ്ത്യാനിയും മോസ്‌ക് ഭരിക്കുന്നത് മുസ്ലീങ്ങളുമാണ്. പക്ഷെ ക്ഷേത്രങ്ങളിൽ ആരാധനയ്‌ക്ക് എത്തുന്നത് മുഴുവൻ ഹൈന്ദവരും അത് ഭരിക്കുന്നത് സർക്കാരുമാണ്. ഈ പരിപാടി നിർത്തണം. ഹൈന്ദവർ ആരാധനയ്‌ക്കെത്തുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഹൈന്ദവരുടെ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഹിന്ദു സംഘടനകൾ ഇത് ഏറ്റെടുക്കണമെന്നും പി.സി ജോർജ്ജ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും നിയമസഭയിലും തന്റെ ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു. അല്ലെങ്കിൽ ഒരു രൂപ പോലും ക്ഷേത്രങ്ങളിൽ നേർച്ചയിടാൻ പാടില്ലെന്നും അപ്പോൾ തന്നെ തിരിച്ചു തരുമെന്നും പി.സി ജോർജ്ജ് കൂട്ടിച്ചേർത്തു.
സർക്കാരിന് കടമെടുക്കാനുളള സ്ഥാപനമായി ഹൈന്ദവ ക്ഷേത്രങ്ങൾ മാറി. ദേവസ്വം ബോർഡ് ഇതിനാണ്. മഹാരാജാവിന്റേതായിരുന്നു ക്ഷേത്രങ്ങൾ മുഴുവൻ. രാജഭരണം മാറി ജനാധിപത്യ സംവിധാനമായപ്പോൾ അതിന് പകരം വന്ന ഗവൺമെന്റിന്റെ കൈകളിലേക്ക് ക്ഷേത്രങ്ങൾ പോയത് ന്യായമല്ല. ഹൈന്ദവ സംഘടനകൾ ഇതിനിറങ്ങിയാൽ താൻ പിന്നിൽ നിൽക്കാൻ തയ്യാറാണെന്നും പിസി ജോർജ്ജ് പറഞ്ഞു.
















Comments