ന്യൂഡൽഹി: ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമാണെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദങ്ങൾ തള്ളി രാജ്യത്തെ ഏറ്റവും വലിയ താപവൈദ്യുതനിലയമായ എൻടിപിസി ലിമിറ്റഡ്.കൽക്കരി വിതരണം പതിവായി നടത്തുന്നുണ്ട്. വൈദ്യുത നിലയങ്ങളിൽ കരുതൽ ശേഖരവുമുണ്ട്. ഡൽഹിയിലെ ദാദ്രി, ഉഞ്ചഹാർ പവർ പ്ലാന്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എൻടിപിസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളാണ് ഡൽഹി അടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷമാണെന്ന് പറഞ്ഞത്. ഉഞ്ചഹാറിലെ ഒരു യൂണിറ്റ് ഒഴികെ എല്ലാ യൂണിറ്റും പൂർണ്ണ ലോഡിലാണ് പ്രവർത്തിക്കുന്നത്. ദാദ്രിയിലും കൽക്കരി ക്ഷാമമില്ല. ഇപ്പോഴുള്ള സ്റ്റോക്ക് യഥാക്രമം 14,0000 മെട്രിക്ക് ടണ്ണും 95,000 മെട്രിക് ടണ്ണുമാണ്. ദാദ്രിയുടെ എല്ലാ യൂണിറ്റുകളും ഉഞ്ചഹാറിന്റെ ഒന്നൊഴികെ മറ്റെല്ലാ യൂണിറ്റുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എൻടിപിസി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി വൈദ്യുതി വിതരണം കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്. നേരത്തെ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ വിതരണ കമ്പനികൾക്കും സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകൾക്കും വൈദ്യുതി ഉൽപാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുക എന്നതാണ് എൻടിപിസിയുടെ പ്രധാന ചുമതല.
‘രാജ്യത്ത് വലിയ വൈദ്യുതി ക്ഷാമമുണ്ട്, ഡൽഹിയിൽ ഞങ്ങൾ എങ്ങനെയെങ്കിലും കൈകാര്യം ചെയ്യുകയാണ്. ഇന്ത്യയൊട്ടാകെ സ്ഥിതി വളരെ ഗുരുതരമാണ് . ഉടൻ തന്നെ ഒരുമിച്ച് നിന്ന് ഇതിന് പരിഹാരം കാണേണ്ടതായുണ്ട്. കൽക്കരി ക്ഷാമം പരിഹരിക്കാൻ വേഗത്തിലുള്ളതും ദൃഢവുമായ നടപടികൾ ആവശ്യമാണ്’ എന്നാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് രാജ്യത്തെ ഏറ്റവും വലിയ താപനിലയമായ എൻടിപിസി പറയുന്നത്.
അതേസമയം ഇന്ത്യയ്ക്ക് 111 വർഷത്തേയ്ക്കുള്ള കൽക്കരി നിക്ഷേപമുണ്ടെന്ന് കേന്ദ്ര ഊർജ്ജ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഝാർഖണ്ഡിലെ കൽക്കരി ഖനികളിൽ ഇന്ത്യയുടെ ആവശ്യത്തിനുള്ള കൽക്കരി ഇനിയും ഉണ്ടാകും. ആവശ്യമായ സ്റ്റോക്ക് കൽക്കരി രാജ്യത്തുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
Comments