ന്യൂഡൽഹി: ഏപ്രിൽ മാസം കടന്നു പോയത് 121 വർഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടിലൂടെയെന്ന് കാലാവസ്ഥാ കേന്ദ്രം. ശരാശരി താപനില വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഏപ്രിലിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളേയും സെൻട്രൽ ഡൽഹിയേയുമാണ് ചൂട് കഠിനമായി ബാധിച്ചത്.
37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ദിവസത്തിലെ കൂടിയ താപനിലയെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ ജനറൽ എം മൊഹാപത്ര അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 35 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില. സെൻട്രൽ ഡൽഹിയിൽ ഇത് 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് നാലാം തവണയാണ് ഏപ്രിൽ മാസം ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.
മെയ് മാസത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഗവേഷകർ പറഞ്ഞു. കൂടാതെ രാത്രിയിൽ പതിവിലും ചൂട് കൂടുതലായിരിക്കും. താപനില സാധാരണയെക്കാൾ കൂടുതലായിരിക്കുമെങ്കിലും മെയ് മാസത്തിൽ ഉഷ്ണ തരംഗ സാദ്ധ്യത കുറവായിരിക്കുമെന്നും കാലാവസ്ഥാ ഗവേഷകർ അറിയിച്ചു. രാജ്യത്തുടനീളമുള്ള പരമാവധി താപനില സാധാരണയെക്കാൾ 1.86 ഡിഗ്രി കൂടുതലാണെന്നാണ് ഐഎംഡി ഡാറ്റകൾ സൂചിപ്പിക്കുന്നത്.
അതേസമയം ഇന്ത്യയിൽ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ട മാർച്ച് മാസമായിരുന്നു നേരത്തെ കടന്നു പോയത്. രാജ്യത്താകമാനം 8.9 മില്ലി മീറ്റർ മഴമാത്രമാണ് ലഭിച്ചതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
















Comments