തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുൻ എംഎൽഎ പി.സി ജോർജ്ജിനെതിരെയുള്ള പോലീസ് നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയുമുള്ളതാണെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. ഒരേ നിയമം ചിലരെ മാത്രം ശിക്ഷിക്കാനുള്ള ചാട്ടവാറക്കാമെന്ന് മുഖ്യമന്ത്രി കരുതിയാൽ അതിനെതിരെ പ്രതിരോധം ഉണ്ടാകുമെന്നും ഫേസ്ബുക്ക് പ്രതികരണത്തിൽ കുമ്മനം രാജശേഖരൻ മുന്നറിയിപ്പ് നൽകി. അടുത്ത കാലങ്ങളായി ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന വിവേചനങ്ങൾക്കെതിരെ അതിനിശിത വിമർശനം നടത്തി വരികയായിരുന്നു പി.സി ജോർജ്ജ്. ഇതിൽ അസ്വസ്ഥത പൂണ്ട പിണറായി സർക്കാർ ജോർജിനെ കുരുക്കാൻ പിന്നാലെ നടക്കുകയായിരുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പുലർച്ചെ അഞ്ച് മണിക്ക് വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന മട്ടിലാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അവരെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി മത നേതാക്കളുടെ പ്രസംഗം യുട്യൂബിൽ ലഭ്യമാണ്. അതിലൊന്നും യാതൊരു അസ്വസ്ഥതയും തോന്നാത്ത പിണറായിയും കൂട്ടരും പി.സി. ജോർജ്ജിന്റെ പിന്നാലെ നടക്കുന്നത് ഇരട്ടത്താപ്പാണെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.
നാട്ടിൽ നടക്കുന്ന ചില യാഥാർത്ഥ്യങ്ങൾ, തന്റെ സ്വതസിദ്ധ ശൈലിയിൽ പി.സി. ജോർജ് ഹിന്ദു മഹാ സമ്മേളനത്തിൽ പറഞ്ഞത് മത വിദ്വേഷമെങ്കിൽ അതിലും തീവ്രതയോടെ ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. വിദ്വേഷ പ്രവർത്തനങ്ങൾക്കുനേരെ കണ്ണടച്ചിട്ട്, അത് ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോയെന്നും ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Comments