ചെറുവത്തൂര്‍: ഷവര്‍മ്മ കഴിച്ച് വിഷബാധയേറ്റ് പ്ലസ് വണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിദേശത്തുള്ള കടയുടമ മുഹമ്മദിനെ പോലീസ് വിളിച്ചു വരുത്തും. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദിനെ ചോദ്യം ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ഉള്ളാള്‍ സ്വദേശി അനസ്, ഷവര്‍മ്മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ ഐഡിയല്‍ ഫുഡ് പോയിന്റ് സ്ഥാപനം ജില്ലാ ഭരണകൂടം ഇടപെട്ട് അടപ്പിച്ചിരുന്നു. ഫുഡ് പോയിന്റിന്റെ കാര്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വാന്‍ കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 31 പേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments