ന്യൂഡൽഹി: ഈദ് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്രയിലെ മസ്ജിദുകൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി എംഎൻഎസ് മേധാവി രാജ് താക്കറെ. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാളെ ഈദ് ആണ്. സംഭാജിനഗറിൽ ഇന്നലെ നടന്ന യോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലീം സമുദായത്തിന് പ്രധാനപ്പെട്ട ഈദ് ദിനം ഏറെ സന്തോഷത്തോടെ ആഘോഷിക്കണം. നേരത്തെ തീരുമാനിച്ചത് പോലെ ഈദ് ദിനത്തിൽ ചാലിസ മുഴക്കരുത്. ഉച്ചഭാഷിണികൾ ഒരിക്കലും മതപരമായ പ്രശ്‌നമല്ല. അതൊരു സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ ട്വിറ്ററിലൂടെ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ ഒരു കലാപം സൃഷ്ടിക്കാൻ തനിക്ക് യാതൊരു താൽപര്യവുമില്ല. ഉച്ചഭാഷിണികൾ ജനജീവിതം ദുസഹപ്പെടുത്തുന്നവയാണ്. മസ്ജിദുകളിലെ ഉച്ചഭാഷിണി കാരണം തന്റെ കുട്ടി കഷ്ടപ്പെട്ടുവെന്ന് നാസിക്കിലെ ഒരു മുസ്ലീം പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മഹാരാഷ്‌ട്രയ്‌ക്ക് സാധ്യമല്ല. ഉച്ചഭാഷിണികൾ എവിടെയാണെങ്കിലും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഈദിന് ശേഷവും മഹാരാഷ്‌ട്രയിലെ മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ ഔറംഗബാദിൽ പ്രതിഷേധ റാലി നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ് താക്കറെയുടെ പുതിയ ട്വീറ്റ് എത്തിയിരിക്കുന്നത്. ഉച്ചഭാഷിണികൾ മാറ്റിയില്ലെങ്കിൽ ഹനുമാൻ ചാലിസ ഇരട്ടി ഉച്ചത്തിൽ മുഴക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈദ് ദിവസം ആഘോഷദിനമാണെന്നും മുസ്ലീം സമുദായക്കാരുടെ ആഘോഷത്തിന് ഭംഗം വരുത്താൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മെയ് നാലിന് ശേഷവും ഉച്ചഭാഷിണികൾ തുടർന്നാൽ കടുത്ത പ്രതിഷേധമുണ്ടാവുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
















Comments