ഛണ്ഡിഗഡ്: ഹരിയാനയിലെ പൽവാളിൽ നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ 12 പേർ അറസ്റ്റിലായി. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വിവരം. ഇരുസംഘങ്ങളും പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവത്തിൽ പിങ്ങോട് സ്വദേശിയായ ഹാജി യൂനസ് പരാതി നൽകി. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം തന്റെ മകൻ ആദിലും മരുമകൻ റാഷിദും മടങ്ങിവരവേ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട് സൽമാൻ, മോയിൻ, ലത്തീഫ് എന്നിവരുമായി തർക്കമുണ്ടാകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഘർഷ വിവരം അറിഞ്ഞ് സ്ഥലത്തേക്ക് ഇരച്ചെത്തിയ പോലീസുകാരാണ് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്. എന്നാൽ സംഘം വീട്ടിലേക്ക് മടങ്ങവേ വീണ്ടും ആക്രമണമുണ്ടായി. പലരും വീടിന് മുകളിൽ നിന്ന് കുപ്പികളും കല്ലുകളും എറിയാൻ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി സദർ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാധേശ്യാം അറിയിച്ചു.
കഴിഞ്ഞ ദിവസം ഈദ് ആഘോഷത്തിനിടെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ മുസ്ലീം വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ജോധ്പൂരിലും നാഗൗറിലും ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
















Comments