ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്‌ട്ര അതിർത്തിയോട് ചേർന്ന് കണ്ടെത്തിയ തുരങ്കം അമർനാഥ് യാത്ര തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പാക് ഭീകരർ നിർമ്മിച്ചതാണെന്ന് ബിഎസ്എഫ്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. പാക് ഭീകരരുടെ ശ്രമം കഴിഞ്ഞ ദിവസം സൈന്യം നടത്തിയ പരിശോധനയിലൂടെ തകർത്തുവെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതേസമയം തുരങ്കം കണ്ടെത്തിയ സാഹചര്യത്തിൽ ജമ്മു മേഖലയിൽ ഉടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സാംബയിൽ ചക് ഫക്കീറ അതിർത്തി ചെക്‌പോസ്റ്റിന് സമീപം ഇന്നലെയാണ് 150 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയത്. ‘ വരാനിരിക്കുന്ന അമർനാഥ് യാത്രയെ ലക്ഷ്യമിട്ടാണ് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരർ ഈ തുരങ്കം നിർമ്മിച്ചത്. എന്നാൽ സൈന്യത്തിന്റെ കൃത്യമായ ശ്രമം മൂലം ഭീകരരുടെ ശ്രമം തകർക്കാൻ സാധിച്ചുവെന്നും’ ബിഎസ്എഫ് ഡിഐജി എസ്പിഎസ് സന്ധു പറഞ്ഞു.
പാകിസ്താന്റെ ഭാഗത്ത് നിന്നാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന് ബലം കൊടുക്കാനായി വച്ച 21ഓളം മണൽചാക്കുകളും കണ്ടെടുത്തിട്ടുണ്ട്. തുരങ്കത്തിൽ വിശദമായ പരിശോധനകൾ നടത്തുമെന്നും സന്ധു വ്യക്തമാക്കി. കഴിഞ്ഞ വർഷത്തിനിടെ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിതെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ ഡി.കെ.ബൂറ പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന ക്രൂരശ്രമങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
















Comments