ന്യൂയോർക്ക്: പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിൽ വെച്ചുപിടിപ്പിച്ചതും ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾ മരിച്ചതും വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് 57-കാരനായ ഡേവിഡ് ബെന്നെറ്റ് മരിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മരണകാരണവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
ഡേവിഡിന്റെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയത്തിൽ അനിമൽ വൈറസ് ഉണ്ടായിരുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പോർസൈൻ സൈറ്റോമെഗലോ വൈറസ് എന്നാണ് ഗവേഷകർ കണ്ടെത്തിയ വൈറസിന്റെ പേര്. ഈ വൈറസ് ഡേവിഡിന്റെ ശരീരത്തിൽ അണുബാധയ്‌ക്ക് ഇടയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡേവിഡിന്റെ ജീവൻ അപകടത്തിലാക്കിയതിന് അനിമൽ വൈറസിന് പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇത്തരമൊരു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് തന്നെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യനിൽ വെച്ചുപിടിപ്പിക്കുന്നതിനുള്ള അനന്തമായ സാധ്യതകൾ ഇത് വെച്ചുനീട്ടി. എന്നാൽ മേരിലാൻഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് പന്നിയുടെ ഹൃദയം വെച്ച് രണ്ട് മാസത്തിനുള്ളിൽ മരിച്ചതോടെ ശാസ്ത്രലോകം നിരാശയിലായി. ഏതായാലും പന്നിയുടെ ഹൃദയത്തിൽ വൈറസുണ്ടായിരുന്നു എന്നത് കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണ് ശാസ്ത്രജ്ഞർ.
Comments