കൊച്ചി: കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. വിപണിവിലയ്‌ക്ക് ഇന്ധനം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഇടക്കാല ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് പിൻവലിച്ചത്. എണ്ണക്കമ്പനികളുടെ ഹർജി അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
നേരത്തെ കെഎസ്ആർടിസി നൽകിയ ഹർജിയിലായിരുന്നു സംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നത്. വിപണി വിലയേക്കാൾ കൂടുതൽ നിരക്കിലാണ് എണ്ണക്കമ്പനികൾ ഇന്ധനം നൽകുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വിപണി വിലയ്‌ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകണമെന്ന ഇടക്കാല ഉത്തരവ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചു. ഇതുചോദ്യം ചെയ്താണ് എണ്ണക്കമ്പനികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഒരു ബൾക്ക് പർച്ചേസർ ആണെന്നിരിക്കെ കെഎസ്ആർടിസി ക്ക് മാത്രമായി ഇത്തരത്തിൽ ഇന്ധനവിലയിൽ ഇളവ് നൽകാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊതുമേഖല കമ്പനികളെ പരിഗണിക്കുന്നത് പോലെ മാത്രമേ കെഎസ്ആർടിസിയെയും പരിഗണിക്കാൻ സാധിക്കൂവെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയിരുന്നത്.
ഇടക്കാല ഉത്തരവ് നിലനിന്നിരുന്നെങ്കിൽ ഏകദേശം 27 കോടിയോളം രൂപയുടെ വ്യത്യാസം ഇന്ധനം വാങ്ങുന്നതിലുണ്ടാകുമെന്നാണ് കണക്ക്. നിലവിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ അപ്പീൽ പോകാനാണ് സാധ്യത. ശമ്പളപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ധനവില സംബന്ധിച്ച് കെഎസ്ആർടിസി ഇരുട്ടടി നേരിട്ടിരിക്കുന്നത്.
















Comments