പാലക്കാട് : മല കയറാൻ പോയി, അവിടെ കുടുങ്ങിക്കിടന്ന്, പിന്നീട് സൈന്യം എത്തി രക്ഷപ്പെടുത്തിയ ബാബു അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞ് നിന്നത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് അന്ന് ജനങ്ങൾ സാക്ഷ്യം വഹിച്ചു. എന്നാൽ ഇപ്പോൾ ബാബുവിന്റെ മറ്റൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ഒരു വിഡീയോയാണിത്. വീഡിയോയിൽ ഉടനീളം ബാബു വളരെയധികം അസ്വസ്ഥനാണ്.
എനിക്ക് ചാകണം, ചാകണം എന്നാണ് ബാബു വിളിച്ചു പറയുന്നത്. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നതും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം, അമ്മയോടും സുഹൃത്തുക്കളോടും ബാബു കയർത്ത് സംസാരിക്കുന്നുമുണ്ട്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ അയാൾ അപമാനിച്ചതായും വിവരമുണ്ട്.
എന്നാൽ ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരൻ ഷാജി പറഞ്ഞു. അന്നത്തെ സംഭവത്തിന് ശേഷം ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ ബാബു മാനസികമായി തകർന്നു.
ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കൾ കളിയാക്കിതായും ഷാജി പറഞ്ഞു. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട അവർ ബാബുവിനെ പണത്തിനായി പീഡിപ്പിച്ചു. ബാബുവിനെ മോശമായി കാണിക്കാനാണ് സുഹൃത്തുക്കൾ ശ്രമിച്ചത് എന്ന് ഷാജി ആരോപിച്ചു. ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. എന്നാൽ തന്റെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും സഹോദരനുമായി വഴിക്കിട്ട് ഉണ്ടായ പ്രശ്‌നമാണത് എന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments