മരിക്കുന്നതിന് മുൻപ് സ്വന്തം കല്ലറ പണിത് പോലീസുകാരൻ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ആന്ധ്രാ പോലീസിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഷെയ്ഖ് മുജീബ് സാഹിബാണ് സ്വന്തം അമ്മയുടെ കല്ലറയ്‌ക്ക് സമീപം തനിക്കായി ഒരു കല്ലറ നിർമ്മിക്കുകയായിരുന്നു. അദ്ദേഹം തന്റെ ഒഴിവ് സമയങ്ങളിൽ ചെലവഴിക്കുന്നതും ഈ കല്ലറയ്‌ക്കടുത്താണ്.
2010ലാണ് മുജീബ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. കുടുംബസ്വത്തായ രണ്ടേക്കർ സ്ഥലത്താണ് അദ്ദേഹത്തിന്റെ അമ്മ ബിബി ജോണിന്റെയും സഹോദരൻ എസ്എ സത്താറിന്റെയും കല്ലറകൾ നിർമ്മിച്ചിട്ടുള്ളത്. അമ്മയുടെ മരണത്തിൽ മനംനൊന്താണ് പോലീസുകാരൻ സ്വന്തമായി ഒരു കല്ലറ നിർമ്മിച്ചത്. അമ്മയുടെ കല്ലറയ്‌ക്ക് സമീപത്തു തന്നെയാണ് അദ്ദേഹത്തിനായി കല്ലറ പണി കഴിപ്പിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഇതിന്റെ നിർമ്മാണം. കുടുംബ സ്വത്തായ രണ്ടേക്കർ സ്ഥലത്ത് മുഴുവൻ മാവും വാഴയും കൃഷി ചെയ്തിരിക്കുകയാണ്. തുറക്കാൻ സാധിക്കുന്ന രീതിയിലാണ് കല്ലറയുടെ നിർമ്മാണം. മരണം എല്ലാവർക്കും സംഭവിക്കുന്നതാണെന്നും അതിനാൽ അതിനെ ഭയപ്പെടുന്നതിൽ അർത്ഥമില്ലെന്നുമാണ് മുജീബ് പറയുന്നത്. തന്റെ ജീവിതത്തിലെ കൂടുതൽ സമയവും ഈ കല്ലറയ്‌ക്ക് സമീപത്ത് ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
















Comments