കോഴിക്കോട് : തമിഴ്‌നാടും കേരളവും രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി. ഏറ്റവും കൂടുതൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ നടക്കുന്ന നാടായി കേരളവും മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടും കേരളവും അടുത്തടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളാണ്. ഇവിടെ ബിജെപി അധികാരത്തിൽ എത്തണമെന്ന് കാര്യകർത്താക്കളും ജനങ്ങളും ഒരുപോലെ ആഗ്രഹിക്കുന്നു. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളും രാജ്യത്തിന് തെറ്റായ ഉദാഹരണമാ ണ്. രാജ്യത്തെ ക്രിമിനൽ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട് അഴിമതിയുടെ സംസ്ഥാനമായി വരുന്നു. കണ്ണൂരിൽ 45 വർഷം മുമ്പ് ആരംഭിച്ച കൊല ഇപ്പോൾ പാലക്കാട് വന്നാണ് അവസാനിച്ചിരിക്കുന്നത്. ഇത് ഇനിയും തുടരും. ആർഎസ്എസ് എന്ന സംഘടന ഒരിക്കലും ഉയർന്നുവരാൻ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് രാഷ്‌ട്രീയ പാർട്ടികൾ ഇതിനെ ഇല്ലാതക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ കൊലപാതത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പാലക്കാട് സമാനമായ കൊല നടന്നത്. ആർഎസ്എസിലെയും ബിജെപിയിലെയും കാര്യകർത്താക്കളെ കൊലപ്പെടുത്തുന്നതിലൂടെ എല്ലാവരേയും നിശബ്ദരാക്കാം എന്നാണ് കമ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. എന്നാൽ കൊല നടക്കുന്ന ഓരോ സ്ഥലങ്ങളിലും ഓരായിരം ദേശഭക്തർ ജനിക്കുന്നുണ്ടെന്ന് അവർക്ക് മനസിലാകുന്നില്ല. കേരളത്തിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ വേരോടെ പിഴുതെറിയണം എന്ന ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്.
കേരളം ഗോഡ്‌സ് ഓൺ കൺട്രി എന്നാണ് പറയുന്നത്. എന്നാൽ കേരളം വളർത്തിയത് ഇവിടുത്തെ ജനങ്ങളാണ്. സിപിഎമ്മും കോൺഗ്രസും 70 വർഷം മാറി മാറി ഭരിച്ചിട്ടും ചെയ്യാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി അധികാരത്തിൽ ഏറിയതിന് പിന്നാലെ നിർവ്വഹിച്ചത്. 2019 ന് ശേഷമാണ് കേരളത്തിലെ ഭൂരിപക്ഷം വീടുകളിലേക്കും പൈപ്പ് വെള്ളം ലഭിച്ചത്. സ്വന്തം ആളുകൾക്ക് വെള്ളം എത്തിച്ച് കൊടുക്കാൻ പോലും കഴിയാത്ത പാർട്ടി നേതാക്കളാണ് വികസനത്തെപ്പറ്റി സംസാരിക്കുന്നത് എന്നും അണ്ണാമലൈ വിമർശിച്ചു.
ഇത്രയും കാലം നരേന്ദ്ര മോദി മോഡലിനെ വെറുത്ത പിണറായി വിജയൻ ഇപ്പോൾ ഗുജറാത്തിലേക്ക് നരേന്ദ്ര മോദി മോഡൽ പഠിക്കാൻ ഉദ്യോഗസ്ഥരെ അയച്ചു. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ഇത് ചെയ്തത്. 70 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ ബിജെപി മോഡൽ തന്നെ നടപ്പിലാക്കണമെന്ന് പിണറായി വിജയൻ തന്നെ വ്യക്തമാക്കി തന്നിരിക്കുകയാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2001 ലാണ് ഗുജറാത്തിൽ സിഎം ഡാഷ് മോഡൽ ആരംഭിക്കുന്നത്. 21 വർഷങ്ങൾക്ക് മുൻപായിരുന്നു അത്.
കേരളത്തിൽ മതരാഷ്‌ട്രീയമാണ് നടപ്പിലാക്കുന്നത്. ബിജെപി എന്നാൽ ഹിന്ദുക്കളുടെ പാർട്ടിയാണെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്. സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒരു ഇഫ്താൻ വിരുന്നിൽ അവസാനിപ്പിക്കുമ്പോൾ, മോദി സർക്കാർ ന്യൂനപക്ഷ വികസനത്തിനായി വിവിധ പദ്ധതികൾ ആരംഭിക്കുന്നു.
കോൺഗ്രസ് ഐസിയുവിൽ വച്ച ശരീരം പോലെയാണ്. എപ്പോഴാണ് പാർട്ടിയുടെ ജീവൻ പോവുക എന്ന് കാത്തിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. നരേന്ദ്ര മോദി മൂന്ന് ദിവസം തുടർച്ചയായി രാജ്യത്തിന് വേണ്ടി നിർത്താതെ യാത്ര ചെയ്യുമ്പോൾ, കോൺഗ്രസ് തലവനെന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ ഏത് ബാറിൽ പോയാലും കണ്ടുപിടിക്കുമെന്ന് അറിഞ്ഞ് നേപ്പാളിലെ ബാറിലേക്കാണ് പോയിരിക്കുന്നത്. എന്തിനാണ് പോയതെന്ന് ചോദിച്ചപ്പോൾ കല്യാണത്തിനാണെന്ന് പറയുന്നു. വിവാഹത്തിന് പോയവർ മണ്ഡപത്തിലേക്കാണ് പോകേണ്ടത്. എന്നാൽ രാഹുൽ ചൈനീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് രാഹുലനെ കണ്ടത്. കോൺഗ്രസ് നേതാക്കൾ ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് എത്തുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments