ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ. 21-കാരിയായ സഹോദരി കരിയറായി തിരഞ്ഞെടുത്തത് നൃത്തവും മോഡലിങ്ങുമായതിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ലാഹോറിൽ നിന്നും 130 കിലോ മീറ്റർ അകലെ റെനാല ഖുർദ് ഒകാര സ്വദേശിയാണ് സിദ്രയെന്ന 21-കാരി. പ്രാദേശിക വസ്ത്ര ബ്രാൻഡിന് വേണ്ടി സിദ്ര മോഡലിങ് ചെയ്തിരുന്നു. ഫൈസലാബാദ് സിറ്റിയിൽ പലപ്പോഴായി നൃത്തപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബം ഇതിന് എതിരായിരുന്നുവെങ്കിലും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സിദ്ര. കുടുംബത്തിന്റെ പാരമ്പര്യം തകർത്ത് ഇത്തരമൊരു കരിയറിൽ തുടരരുതെന്ന് സിദ്രയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും യുവതി ചെവികൊണ്ടില്ല.
കഴിഞ്ഞയാഴ്ച ഈദ് ആഘോഷിക്കുന്നതിനായി ഫൈസലാബാദിൽ നിന്നും സിദ്ര വീട്ടിലെത്തിയിരുന്നു. ഇതിനിടെ മാതാപിതാക്കളും സഹോദരനും സിദ്രയുമായി വഴക്കായി. കരിയർ ഉപേക്ഷിക്കണമെന്ന ആവശ്യമായിരുന്നു രക്ഷിതാക്കൾ മുന്നോട്ടുവെച്ചത്. അവൾ വീണ്ടും വിസ്സമതിച്ചപ്പോൾ സിദ്രയെ സഹോദരൻ ഹംസ തല്ലാൻ തുടങ്ങി.
ഇതിന് പിന്നാലെ സിദ്രയെ സഹോദരൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വെച്ച് തന്നെ സിദ്ര കൊല്ലപ്പെട്ടിരുന്നു. പോലീസ് ഉടൻ തന്നെ ഹംസയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
ബന്ധുക്കളിൽ ഒരാൾ സിദ്രയുടെ നൃത്തപരിപാടിയുടെ വീഡിയോ ഹംസയ്‌ക്ക് അയക്കുകയും ഫോണിൽ അതുകണ്ടതിന് ശേഷം ദേഷ്യം വരികയും ചെയ്തതായി ഹംസ പറഞ്ഞു. ആ ദേഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് വെടിവെച്ചത്. സിദ്രയുടെ തലയ്‌ക്കാണ് വെടിയേറ്റിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Comments