84 വർഷമായി ഒരേ കമ്പനിയിൽ ജോലി: ലോക റെക്കോർഡ് സ്വന്തമാക്കി 100 വയസ്സുകാരൻ

Published by
Janam Web Desk

പഠിച്ച് നല്ല ജോലിയൊക്കെ നേടണം, നല്ല രീതിയിൽ ജീവിക്കണം എന്നൊക്കെയാണ് എല്ലാവരുടേയും ആഗ്രഹങ്ങൾ. എന്നാൽ നിങ്ങൾക്ക് എത്ര ഇഷ്ടമുണ്ടെങ്കിലും ഒരേ കമ്പനിയിൽ 84 വർഷം ജോലിയിൽ തുടരാൻ സാധിക്കുമോ? സാധിക്കുമെന്ന് തെളിയിക്കുകയാണ് 100 വയസ്സുകാരൻ. ുവാക്കൾക്ക് തങ്ങളുടെ ജോലി പെട്ടെന്ന് മടുക്കുന്ന ഈ കാലത്ത്, കമ്പനികൾ മാറിമാറി റെക്കോർഡുകൾ സൃഷ്ടിക്കുന്ന കാലത്ത് ഒരു ബ്രസീലുകാരൻ തന്റെ നൂറാം വയസ്സിലും താൻ ആദ്യം ജോലി ചെയ്ത് തുടങ്ങിയ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

വാൾട്ടർ ഓർത്ത്മാൻ എന്നയാളാണ് പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. വാൾട്ടറിന്റെ ജീവിതം വളരെ അത്ഭുതകരമായി തോന്നാം. എന്നാൽ ആത്മാർഥതയും താൽപ്പര്യവും ഒപ്പം ജോലിയോടും സ്ഥാപനത്തോടും അടങ്ങാത്ത സ്‌നേഹവുമുണ്ടെങ്കിൽ ആർക്കും ഇതിന് സാധിക്കുമെന്നാണ് വാൾട്ടർ പറയുന്നത്. 84 വർഷവും 9 മാസവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് കൊണ്ട് അദ്ദേഹം തന്നെ മുൻപ് സ്ഥാപിച്ച 81 വർഷവും 85 ദിവസവുമെന്ന പഴയ റെക്കോർഡാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്.

84 വർഷത്തെ കരിയറിനിടയിൽ വാൾട്ടറിന് നിരവധി അനുഭവങ്ങളുണ്ടായി. നിരവധി മാറ്റങ്ങളിലൂടെ അദ്ദേഹം കടന്ന് പോയി. സ്വന്തം കമ്പനിയുടെ പേര് പോലും മാറി. 1938 ജനുവരി 17നാണ് ഷിപ്പിങ് അസിസ്റ്റൻറായി വാൾട്ടർ ജോലി ആരംഭിക്കുന്നത്. ബ്രസീലിലെ സാൻറ കറ്റരിനയിലുള്ള ഇൻഡസ്ട്രിയാസ് റെനോക്‌സ് എസ്എ എന്ന ടെക്‌സ്‌റ്റൈൽ എന്ന കമ്പനിയിലായിരുന്നു ഇത്. കമ്പനിയുടെ പേര് ഇന്ന് റെനോക്‌സ് വ്യൂ എന്നാണ്. ജോലിയോടുള്ള താൽപ്പര്യവും ആത്മാർഥതയും കാരണം വളരെ പെട്ടെന്ന് തന്നെ വാൾട്ടറിന് പ്രൊമോഷൻ ലഭിച്ചു.

കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ മാനേജരായിട്ടായിരുന്നു സ്ഥാനക്കയറ്റം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ സന്ദർശിക്കാമെന്നതും വ്യത്യസ്തരായ മനുഷ്യരോടും സംസ്‌കാരങ്ങളോടും ഇടപെടാൻ സാധിക്കുമെന്നതുകൊണ്ടുമാണ് വാൾട്ടർ തന്റെ ജോലി ഉപേക്ഷിക്കാഞ്ഞത്. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം യുവാക്കളോട് പറയുന്നു.

ഏപ്രിൽ 19നായിരുന്നു വാൾട്ടറിന്റെ 100ാം പിറന്നാൾ ആഘോഷം. വയസ്സ് 100 കടന്നെങ്കിലും ഈ ബ്രസീലുകാരന് ഇപ്പോഴും വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല. ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവുമൊക്കെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മനോഹരമായി മുന്നോട്ട് നയിക്കുന്നത്. ഒരു നല്ല കമ്പനിയിൽ ജോലി ചെയ്യാൻ ശ്രമിക്കുക. പ്രചോദനം തോന്നുന്ന മേഖലയിൽ ജോലി ചെയ്യുന്നതാണ് നല്ലതെന്നും തന്നെ ഈ കമ്പനിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത് ഈ തോന്നലാണെന്നും വാൾട്ടർ പറയുന്നു.

Share
Leave a Comment