കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആംആദ്മി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മത്സരിക്കാത്തതെന്നും എഎപി സംസ്ഥാന കോർഡിനേറ്റർ പി.സി സിറിയക് പറഞ്ഞു.
ഒരു സീറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ല. അടിത്തറ ശക്തിപ്പെടുകയാണ് വേണ്ടതെന്നും എഎപി നേതാക്കൾ വ്യക്തമാക്കി. തൃക്കാക്കരയിൽ ട്വന്റി-20 ക്കും എഎപിയ്‌ക്കും സംയുക്ത സ്ഥാനാർത്ഥി വരുമെന്നാണ് സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നത്. കേരള സന്ദർശനത്തിനെത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
തൃക്കാക്കരതിയ്ൽ ബിജെപിയും കോൺഗ്രസും എൽഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിനായി ഉമ ജോസഫും എൽഡിഎഫിനായി ഡോ. ജോ ജോസഫും മത്സരിക്കും. ഈ മാസം 31നാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments