ന്യൂഡൽഹി: ഹാരപ്പൻ നാഗരികതാ പ്രദേശമായ ഹരിയാനയിലെ രാഖിഗഡിൽ അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. മൃതദേഹത്തിൽ നിന്നും ലഭിച്ച ഡിഎൻഎ സാംപിളുകളും പല്ലുകളുടെ സാംപിളുകളും പരിശോധനയ്ക്കായി അയച്ചു. ഹാരപ്പൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ ഭക്ഷണ രീതികളും വംശവിവരങ്ങളും കണ്ടെത്താൻ ഇവ ഉപകരിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
5000 വർഷം മുൻപ് ജീവിച്ചിരുന്ന രണ്ട് വനിതകളുടെ അസ്ഥികൂടങ്ങൾ മൗണ്ട് നമ്പർ 7 എന്ന കുന്നിൽ നിന്നാണ് കണ്ടെത്തുന്നത്. 40നും 50നും ഇടയിൽ പ്രായമുള്ളവരുടെ അസ്ഥികൂടമാകാം ഇതെന്നാണ് വിലയിരുത്തൽ. പാത്രങ്ങളും കരകൗശല വസ്തുക്കളും ഇവിടെ നിന്നും ലഭിച്ചിരുന്നു. പഴയകാല ഹാരപ്പൻ രീതിയിലുള്ള മൃതദേഹ സംസ്കരണത്തിന്റെ ഭാഗങ്ങളാണ് ഇവയെല്ലാം.
വികസിതമായ സംസ്കാര രീതിയാണ് ഇവർ പിന്തുടർന്നത്. ഇത് തെളിയിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയിരിക്കുന്നത്. സീലുകൾ, വളകൾ, ആന, നായ, കാള തുടങ്ങിയവയുടെ പ്രതിമകൾ, മുത്ത്, കല്ലുകൾ തുടങ്ങിയവയൊക്കെയാണ് കണ്ടെടുത്തത്. ഹാരപ്പൻ കാലഘട്ടത്തിൽ രാഖിഗാഡി മേഖലയിലെ ആർജിആർ 7 എന്നത് ഒരു ശവസംസ്കാര മേഖലയായിരുന്നു. ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ വടക്കുകിഴക്കാണ് ഈ മേഖല സ്ഥിതിചെയ്യുന്നത്.
3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്ന് കരുതുന്ന ആദിമ സംസ്കാരമാണ് ഹാരപ്പൻ വംശജർ പിന്തുടർന്നത്. ഹാരപ്പൻ നാഗരികതയുടെ മോഹൻജോദാരോ, ഹാരപ്പ, ഗാൻവെരിവാല തുടങ്ങിയ നഗരകേന്ദ്രങ്ങൾ ഇന്ന് പാകിസ്താനിലാണ്. രാഖിഗഡി, ലോഥൽ, തുടങ്ങിയ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.
Comments