മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.50 ലക്ഷം രൂപ കിട്ടും; വനിതാ ജീവനക്കാർക്ക് ഒരു വർഷവും പുരുഷന്മാർക്ക് ഒമ്പത് മാസവും അവധി നൽകുന്ന കമ്പനി

Published by
Janam Web Desk

മൂന്നാമത്തെ കുട്ടി ജനിച്ചാൽ പതിനൊന്നര ലക്ഷം രൂപ സമ്മാനം.. നിങ്ങളാണ് കുഞ്ഞിന്റെ അമ്മയെങ്കിൽ ഒരു വർഷം മുഴുവനും, അവധിയെടുക്കാം.. നിങ്ങൾ കുഞ്ഞിന്റെ അച്ചനാണെങ്കിൽ ഒമ്പത് മാസം അവധി.. ഇത്ര മനോഹരമായ ആചാരങ്ങൾ എവിടെയാണെന്ന് നോക്കാം..

ഒരു കാലത്ത് ഒറ്റക്കുട്ടിയെന്ന നയത്തിൽ പിടിച്ചുനിന്നിരുന്ന ചൈനയിലാണ് വ്യത്യസ്തമായ ഓഫർ നൽകുന്ന തൊഴിൽ സ്ഥാപനം ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് 1980-ലാണ് ചൈനയിൽ ഒരു കുട്ടിയെന്ന നയം ആരംഭിക്കുന്നത്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായിട്ടായിരുന്നു ഇത്.. എന്നാൽ ഏകദേശം മൂന്നര ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ ഒരു കുട്ടിയെന്ന നയം ചൈന അവസാനിപ്പിച്ചു. 2016ലായിരുന്നു ഇക്കാര്യത്തിൽ ചൈനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ഇതിന് പിന്നാലെ 2021 മെയ് മാസമായപ്പോൾ ചൈനയുടെ നയത്തിൽ ചില മാറ്റങ്ങൾ വന്നു. മൂന്ന് കുട്ടികളെ വരെ അനുവദിക്കുമെന്നായി ചൈനീസ് സർക്കാർ. അതുകൊണ്ട് കൂടിയാണ് രാജ്യത്തെ വൻകിട കമ്പനികളും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. തങ്ങളുടെ ജീവനക്കാരുടെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രചോദിപ്പിക്കുകയാണ് സർക്കാരിനൊപ്പം സ്ഥാപനങ്ങളും.

മൂന്നാമതൊരു കുഞ്ഞിന് ജന്മം നൽകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്ന ഒരു ചൈനീസ് കമ്പനിയെക്കുറിച്ചാണ് നേരത്തെ സൂചിപ്പിച്ചത്. ബെയ്ജിംഗിലെ ഡാബെയ്‌നോംഗ് ടെക്‌നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാൻ ക്യാഷ് ബോണസാണ് കമ്പനിയുടെ വാഗ്ദാനം. ഇത് ഏകദേശം 11.50 ലക്ഷം ഇന്ത്യൻ രൂപ വരും. മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകുകയാണെങ്കിൽ ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ അവധിയും പുരുഷ ജീവനക്കാർക്ക് ഒമ്പത് മാസത്തെ അവധിയും കമ്പനി നൽകുമെന്നും ഉറപ്പുനൽകുന്നു.

ഇതേ കമ്പനിയിൽ തന്നെ മറ്റ് ചില ഓഫറുകൾ കൂടിയുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ജീവനക്കാർക്ക് 60,000 യുവാൻ ബോണസ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഏകദേശം 7 ലക്ഷം ഇന്ത്യൻ രൂപ വരുമിത്. ഇനി ജീവനക്കാർക്ക് ഉണ്ടാകുന്നത് അവരുടെ ആദ്യത്തെ കുഞ്ഞാണെങ്കിൽ അവർക്കുമുണ്ട് ക്യാഷ് പ്രൈസ്. 30,000 യുവാനാണ് ആദ്യ കുട്ടി ജനിച്ചാൽ ജീവനക്കാർക്ക് കിട്ടുന്ന ബോണസ്. അതായത് 3.50 ലക്ഷം രൂപ.

ചൈനയിൽ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഒറ്റ കുട്ടി നയം കൊണ്ടുവന്നത് എങ്കിലും ഇത് രാജ്യത്ത് നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ലിംഗാനുപാതത്തിൽ മാറ്റമുണ്ടാകുന്നതിന് ഇത് കാരണമായി. ജനസംഖ്യയുടെ അനുപാതത്തിൽ ചൈന അസമത്വം നേരിടാൻ തുടങ്ങി. പ്രായമായവരുടെ അനുപാതം വർധിച്ചു. ആൺകുട്ടികൾക്ക് കൂടുതൽ മുൻഗണനകൾ ലഭിച്ചിരുന്നതിനാൽ ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് തിരിച്ചറിയുമ്പോൾ ഗർഭച്ഛിദ്രമെന്ന ഓപ്ഷൻ മാതാപിതാക്കൾ തിരഞ്ഞെടുക്കുന്നതും കൂടുതലായിരുന്നു. സാഹചര്യം കൂടുതൽ സങ്കീർണമാകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഒടുവിൽ ഒറ്റ കുട്ടി നയം ചൈന അവസാനിപ്പിച്ചത്.

2016 ജനുവരി ഒന്നിനായിരുന്നു നയം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഇതോടെ 2019 ആയപ്പോൾ ചൈനയിൽ 14.65 ദശലക്ഷം കുട്ടികളും 2020ൽ 12 ദശലക്ഷം കുഞ്ഞുങ്ങളും ജനിച്ചു. ഇതിന് പിന്നാലെ 2021 മെയ് മാസത്തിൽ മൂന്ന് കുട്ടികൾക്കുള്ള അനുമതി ചൈനീസ് സർക്കാർ നൽകുകയും ചെയ്തു.

Share
Leave a Comment