ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്ന വിധി.ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധർ നിലപാടെടുത്തപ്പോൾ അല്ലെന്ന് ജസ്റ്റിസ് സി ഹരിശങ്കറും വിധിയെഴുതി. ഇതോടെ കേസ് വിശാല ബഞ്ചിലേക്ക് പോവുകയാണ്. കേസ് സുപ്രീം കോടതിയ്‌ക്ക് വിട്ടു. ഇതോടെ ഭർതൃബലാത്സംഗം ക്രമിനൽക്കുറ്റമോ എന്നത് സുപ്രീംകോടതി വിധിയെഴുതും.
പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളുടെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375-2 ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജീവ് ശക്തിധർ വ്യക്തമാക്കുന്നത്. എന്നാൽ കുടുംബത്തിലെ ലൈംഗിക ബന്ധത്തിന് 375(2) പ്രകാരം ഇളവുണ്ടെന്നാണ് മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കർ തന്റെ വിധിന്യായത്തിൽ അഭിപ്രായപ്പെട്ടത്. ഭിന്ന വിധി വന്ന പശ്ചാത്തലത്തിലാണ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടത്.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലും സമാനമായ ഹർജി വന്ന പശ്ചാത്തലത്തിലുമാണ് കേസ് സുപ്രീംകോടതിയിലേക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ,സന്നദ്ധ സംഘടനയായ ആർഐടി തുടങ്ങിയവരുടെ നാല് ഹർജികളാണ് ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്.ഈ ഹർജികളിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധി.
അതേസമയം സംസ്ഥാനസർക്കാറുകളുമായും മറ്റ് വിദഗ്ധരുമായം ചർച്ച ആരംഭിച്ച പശ്ചാത്തലത്തിൽ കേസ് മാറ്റിവെയ്‌ക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ചർച്ചകൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ധൃതിപിടിച്ച് ഈ വിഷയത്തിൽ വാദം കേൾക്കരുതെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. ഇന്ത്യ പോലെ വൈവിധ്യമായ ആചാരങ്ങളും മറ്റുമുള്ള ഒരു രാജ്യത്ത് വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന രീതികളൊക്കെ പരിശോധിക്കേണ്ട ആവശ്യമുണ്ട്. ഭരണഘടനാ വിഷയമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സാമൂഹ്യപരമായും നിയമപരമായും ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിഷത്തിൽ വിധി വന്നാൽ ഉണ്ടാവും എന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. വിധിയുടെ പൂർണരൂപം പുറത്ത് വന്നിട്ടില്ല.
















Comments