ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു. ബാരാമുള്ളയിലെ വുസ്സാൻ പഠാൻ നഗരത്തിൽ താമസിച്ചിരുന്ന ഗുൽസാർ അഹമ്മദ് ഗനായ് ആണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
നുഴഞ്ഞുകയറ്റ സംഘത്തിലെ ഭീകരനാണിയാളെന്ന് പോലീസ് അറിയിച്ചിരുന്നു. 2018ലാണ് ഇയാൾ ആദ്യമായി നുഴഞ്ഞുകയറിയത്. തുടർന്ന് മൂന്ന് വർഷവും ആറ് മാസവും ഇയാൾ രാജ്യത്തുണ്ടായിരുന്നു. ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ വീണ്ടും രാജ്യത്തേക്ക് നുഴഞ്ഞുകയറിയത്. ഇയാളോടൊപ്പം മറ്റ് രണ്ട് പേർ കൂടി നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് വിവരം.
ബന്ദിപോറയിലെ ശാലീന്ദർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗുൽസാർ അഹമ്മദിനെ കൊലപ്പെടുത്താനായത്. ഇയാളുടെ പക്കൽ നിന്നും ഒരു എകെ റൈഫിളും മൂന്ന് മാഗസീനുകളും കണ്ടെടുത്തിരുന്നു. ഇതേസമയം അനന്ത്‌നാഗിലുള്ള ബിജ്‌ബെഹ്‌റ പ്രദേശത്തും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് കശ്മീർ പോലീസ് അറിയിച്ചു
കഴിഞ്ഞ ദിവസമാണ് അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നത്. ആരിഫ് ഹുസൈൻ ഭട്ട്, സുഹാലി അഹമ്മദ് ലോൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടത്.
Comments