മലപ്പുറം: പോക്‌സോ കേസ് പ്രതിയായ മുൻ അദ്ധ്യാപകൻ കസ്റ്റഡിയിൽ. സിപിഎം നേതാവും മലപ്പുറം നഗരസഭ അംഗവുമായ കെ വി ശശികുമാർ ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വിദ്യാർത്ഥിനികൾ രംഗത്തെത്തിയിരുന്നു. പിന്നാലെ പോലീസ് കേസെടുത്തതോടെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു.
അദ്ധ്യാപകനായിരുന്ന 30 വർഷക്കാലം സ്‌കൂളിലെ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് മുൻ അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് ശശികുമാർ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചത്.
ഇതിന് പിന്നാലെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിന് താഴെയാണ് ശശികുമാറിനെതിരെ ആദ്യ പരാതി ഉയർന്നത്. ഏകദേശം 60ഓളം വിദ്യാർത്ഥിനികൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. 2019ൽ അദ്ധ്യാപകനെതിരെ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പൂർവ്വ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
ശശികുമാറിനെ പിടികൂടാത്തതിനെ തുടർന്ന് ഇന്ന് സ്‌കൂളിലേക്ക് എംഎസ്എഫിന്റെ പ്രതിഷേധ മാർച്ച് നടന്നിരുന്നു. മലപ്പുറം- പാലക്കാട് ദേശീയപാതയിലാണ് എംഎസ്എഫ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. ഗതാഗതം സ്തംഭിപ്പിച്ച് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്നാണ് മുദ്രാവാക്യം വിളിച്ചത്. റോഡിൽ നിന്ന് മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും എംഎഎസ്എഫ് പ്രവർത്തകർ മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയിരുന്നു. സ്‌കൂളിന് നേരെ പ്രവർത്തകർ കരിഓയിലും ഒഴിച്ച് പ്രതിഷേധിച്ചു.
















Comments