ചെന്നൈ: കമൽ ഹാസന്റെ പുതിയ ചിത്രം വിക്രമിലെ പാട്ടിനെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി. കേന്ദ്രസർക്കാരിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാട്ടിൽ ഉൾക്കൊള്ളിച്ചതിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പത്തലെ പത്തലെ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാട്ട് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കേന്ദ്രസർക്കാർ ഭരണത്തിൽ തമിഴർക്ക് ഒന്നും ലഭിക്കുന്നില്ലെന്നാണ് പാട്ടിലെ പരാമർശം. താക്കോൽ കള്ളന്റെ കയ്യിലാണെന്നും, കേന്ദ്രസർക്കാരിനെതിരെ തമിഴർക്ക് പ്രതിഷേധമാണ് ഉള്ളതെന്നും പാട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് ചെന്നൈ കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം. അനിരുദ്ധ് രവി ചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് കമൽ ഹാസനാണ്. പാട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ പാട്ടിന്റെ ഇതിവൃത്തം മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു വന്നിരുന്നു.
ജൂൺ മൂന്നിനാണ് വിക്രം റിലീസ് ചെയ്യുക. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ തുടങ്ങി വൻ മലയാളി താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Comments