രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ഹരിയാനയിലെ തങ്ങളുടെ പുതിയ നിർമ്മാണ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തിൽ 11,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു. സോനിപത് ജില്ലയിലെ ഐഎംടി ഖാർഖോഡയിൽ എച്ച്എസ്ഐഐഡിസി (ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)യുമായി ചേർന്ന് 800 ഏക്കർ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി വെള്ളിയാഴ്ച പൂർത്തിയാക്കി.
പ്രതിവർഷം 2.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ ആദ്യ ഘട്ടം ഭരണാനുമതിക്ക് വിധേയമായി 2025 ഓടെ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ നിക്ഷേപം 11,000 കോടി രൂപയിലധികമാകുമെന്ന് എംഎസ്ഐ അറിയിച്ചു.
‘ഭാവിയിൽ കൂടുതൽ നിർമ്മാണ പ്ലാന്റുകൾ ഉൾപ്പെടുത്തുന്നതിന് ശേഷി വിപുലീകരണത്തിന് സൈറ്റിന് ഇടമുണ്ടാകും,’ മാരുതി സുസുക്കി ഇന്ത്യ അഭിപ്രായപ്പെട്ടു. നിലവിൽ, ഹരിയാനയിലെയും ഗുജറാത്തിലെയും നിർമ്മാണ ശാലകളിലുടനീളം എംഎസ്ഐക്ക് ഒരു പാദത്തിൽ ഏകദേശം 5.5 ലക്ഷം യൂണിറ്റുകൾ അല്ലെങ്കിൽ പ്രതിവർഷം 22 ലക്ഷം യൂണിറ്റുകൾ എന്ന സഞ്ചിത ഉൽപ്പാദന ശേഷിയുണ്ട്.
Comments