കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മോഡൽ ഷഹനയുടെ ഭർത്താവ് ലഹരിക്ക് അടിമയാണെന്ന് പോലീസ്. ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നത്. ഇവരുടെ വീട്ടിൽ നിരവധി ലഹരി വസ്തുക്കൾ പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു.
ഷഹനയെ മർദ്ദിച്ചിരുന്നുവെന്ന കാര്യവും സജാദ് സമ്മതിച്ചു. പണം ചോദിച്ചാണ് മർദ്ദിച്ചിരുന്നത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരികൾ സജാദ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഇൻഹേലറുകളും മറ്റും വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഷഹനയുടേയത് ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാൻ വീട്ടിൽ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും.
ഷഹനയുടെ ദേഹത്തും മർദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. ജനലിന്റെ അഴിയിൽ ഷഹന തൂങ്ങിമരിച്ചതാണെന്നാണ് സജാദ് പോലീസിനോട് പറഞ്ഞത്. സജാദിനെ ഈ വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.
Comments