ലക്‌നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ സ്ഥിതിചെയ്യുന്ന ഷാഹി ഇദ്ഗാഹ് മസ്ജിദിലും പരിസരങ്ങളിലും സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. വരാണാസി സ്വദേശിയായ മനിഷ് യാദവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മഥുര കോടതിയെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിൽ പുരോഗമിക്കുന്ന വീഡിയോ സർവ്വേ ഷാഹി ഇദ്ഗാഹ് മസ്ജിദിലും നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ജൂലൈ ഒന്നിന് കോടതി പരിഗണിക്കും.
അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കണം സർവ്വേ നടപടികൾ നടത്തേണ്ടത്. ഇതിനായി അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമേ മസ്ജിദിൽ നിന്നും മതചിഹ്നങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവ് ഇടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. മതചിഹ്നങ്ങൾ മസ്ജിദ് നിൽക്കുന്നത് ക്ഷേത്ര ഭൂമിയിലാണെന്നതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനീഷ് യാദവ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഷാഹി ഇദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റേതാണെന്നതിനുള്ള തെളിവുകൾ മസ്ജിദിനകത്തുതന്നെയുണ്ട്. ഈ തെളിവുകൾ കോടതിയ്‌ക്ക് മുൻപിൽ സമർപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ ശ്രീകൃഷ്ണ ജന്മഭൂമി- ഷാഹി ഇദ്ഗാഹ് മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് ഒൻപത് ഹർജികളാണ് കോടതി പരിഗണിക്കാനുള്ളത്. പരിഗണിച്ച മൂന്ന് ഹർജികളിൽ ഒന്നിൽ ഈ മാസം 19 ന് മഥുര കോടതി വിധി പറയും.
















Comments