ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്, എറണാകുളം സ്വദേശി അഷ്‌റഫ് ഖാദിർ എന്നിവർക്കെതിരെയുള്ള തട്ടിപ്പ് വിവരങ്ങളാണ് ഇഡി പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ചേർന്ന് മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ട് വഴിയും അബുദാബിയിലുള്ള റസ്റ്റൊറന്റ് വഴിയും മതമൗലിക പ്രവർത്തനങ്ങൾക്ക് പണം നൽകാൻ ഉപയോഗിച്ചതായി ഇഡി പറയുന്നു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള വിദേശത്തുള്ള ചിലരുമായി ചേർന്നാണ് വില്ല പ്രൊജക്ടിനായി ധനസമാഹരണം നടത്തിയത്. അബുദാബിയിൽ സ്റ്റൊറന്റ് നടത്തിയ അഷ്‌റഫ് അത് പണം കടത്താനുള്ള മറയാക്കുകയായിരുന്നു. റസ്റ്റൊറന്റ് എംഡിയായിരുന്ന സഹോദരൻ വഴി അഷ്‌റഫിന് 48 ലക്ഷം രൂപ കിട്ടി. പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഷ്‌റഫ് കൈവെട്ട് കേസിലും പ്രതിയായിരുന്നു. എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് എന്നിവയിലും അഷറഫ് പ്രവർത്തിച്ചിരുന്നുവെന്ന് ഇഡി പറയുന്നു.
ഉത്തർപ്രദേശ് പോലീസ് 2021ൽ അറസ്റ്റ് ചെയ്ത അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർക്കും അബ്ദുൾ റസാഖ് വഴിയും അഷ്‌റഫ് വഴിയും പണം ലഭിച്ചതായും ഇഡി പറഞ്ഞു. ഗൾഫിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകളിലാണ് അഷ്‌റഫ് പ്രവർത്തിച്ചിരുന്നത്. അനധികൃതമായി 18 കോടിയോളം രൂപ ഇയാൾ തട്ടിയതായാണ് ഇഡി പറയുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിന് അകത്ത് നിന്നും ഫണ്ട് ശേഖരിക്കുന്നതിൽ റസാഖിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ഇഡിയ്‌ക്ക് വിവരം നൽകിയിരുന്നു. തുടർന്ന് റസാഖിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിൽ നിന്നാണ് ഈ വിവരങ്ങൾ ഇഡിയ്‌ക്ക് ലഭിക്കുന്നത്. പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കൽ ശരിവെയ്‌ക്കുന്ന തരത്തിലുള്ള രേഖകൾ കണ്ടെടുത്തിരുന്നു.
Comments