കൊച്ചി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലെ പൊതുയോഗത്തിൽ പറഞ്ഞതിൽ പലതും പച്ചക്കള്ളം. സൗജന്യ വൈദ്യുതിയും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡൽഹിയ്‌ക്ക് നൽകാൻ ആം ആദ്മിക്ക് കഴിഞ്ഞുവെന്നും കേരളത്തിലും അത് നടപ്പാക്കുമെന്നുമാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ ചില പരാമർശങ്ങൾ ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകളും പരിഹാസവും ഉയരുകയാണ്.
ഡൽഹിയിൽ ആംആദ്മി സർക്കാർ സൗജന്യ വൈദ്യുതി നൽകുന്നതിനാൽ ഇൻവെർട്ടർ, ജനറേറ്റർ കമ്പനികൾ അടച്ചു പൂട്ടി എന്നതായിരുന്നു കെജ്രിവാളിന്റെ ഒരു വാദം. പവർകട്ട് ഇല്ലെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ ഡൽഹിയിലെ ജനറേറ്റർ കമ്പനികൾ, ഇൻവെർട്ടർ കമ്പനികൾ എന്ന് തിരഞ്ഞ് നോക്കിയാൽ ആയിരക്കണക്കിന് കമ്പനികളുടെ ലിങ്ക് കിട്ടുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.
പവർ കട്ടുകൾ മാത്രമല്ല, വോൾട്ടേജ് വ്യതിയാനങ്ങൾ ഉള്ളതിനാൽ ചില വൈദ്യുത ഉപകരണങ്ങൾ വരെ നശിച്ചു പോയിട്ടുണ്ടെന്നാണ് ആളുകൾ പറയുന്നത്. കേരളത്തിന് മുമ്പ് ഈ മാസം ആദ്യം ഗുജറാത്ത് റാലിയിലും കെജ്രിവാൾ സമാനമായ വാഗ്ദാനങ്ങൾ നൽകിയിരുന്നു. കേരളത്തിനും സൗജന്യമായി വൈദ്യുതി വേണ്ടേ എന്നായിരുന്നു കെജ്രിവാൾ ചോദിച്ചത്.
എന്നാൽ ഡൽഹിയിൽ ചോദിക്കുന്നവർക്ക് മാത്രമാണ് സൗജന്യ വൈദ്യുതിയുള്ളൂ എന്ന് കെജ്രിവാൾ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ‘ഒക്ടോബർ ഒന്നു മുതൽ വൈദ്യുതി സബ്സിഡി ആവശ്യപ്പെടുന്നവർക്ക് മാത്രമെ നൽകുകയുള്ളൂ. ജനങ്ങൾക്ക് വൈദ്യുതി സബ്സിഡി വേണമോ വേണ്ടയോ എന്ന് ഓപ്ഷനുകൾ നൽകു’മെന്ന് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ് തിരഞ്ഞെടുപ്പിൽ കെജ്രിവാൾ വിജയിച്ചത് സമാനമായ ‘സൗജന്യ’ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്. അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും തങ്ങളുടെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകാൻ ആംആദ്മി സർക്കാരിനായിട്ടില്ല. ഉപഭോക്താക്കൾക്ക് സബ്സിഡി നൽകണമെന്ന് പഞ്ചാബ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (പിഎസ്ഇആർസി) സർക്കാർ ഇതുവരെ അഭ്യർത്ഥിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
















Comments