ഗ്യാൻ്യവാപി മസ്ജിദ്: സർവ്വേ അവസാനിച്ചു, റിപ്പോർട്ട് നാളെ സമർപ്പിക്കും

Published by
Janam Web Desk

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ കോടതി നിർദ്ദേശപ്രകാരമുള്ള സർവ്വേ അവസാനിച്ചു. അവസാന ഘട്ട പരിശോധനകൾ മാത്രമാണ് ഇന്ന് നടക്കുന്നത്. കോടതി നിയോഗിച്ച കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സർവ്വേ സംഘവും അഭിഭാഷകരുമാണ് സർവ്വേ നടത്തുന്നത്. സർവ്വേ സംബന്ധിച്ച റിപ്പോർട്ട് നാളെ വാരാണാസി സിവിൽ കോടതിയിൽ സമർപ്പിക്കും. അഡ്വക്കേറ്റ് കമ്മീഷണർ അജയ്കുമാർ മിശ്രയുടെ നേതൃത്വത്തിൽ 52 അംഗ സംഘമാണ് സർവ്വേ നടത്തുന്നത്.

ഹൈന്ദവ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതിരിക്കുന്നത്. വിഗ്രഹങ്ങൾ നിലവിൽ പള്ളിക്കകത്തുണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയിന്മേലാണ് സർവ്വേയ്‌ക്ക് അനുമതി നൽകിയത്. പള്ളിയുടെ പടിഞ്ഞാറൻ മതിലിനോട് ചേർന്നുള്ള ശൃംഖർ ഘോരി ക്ഷേത്രത്തിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർവ്വേ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഹർജിയിൽ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ വർഷമാണ് കാശിവിശ്വനാഥ ക്ഷേത്രത്തോട് ചേർന്നിരിക്കുന്ന ശൃംഗാർ ഗൗരീ, ഗണേശ ഭഗവാൻ, ഹനുമാൻ സ്വാമി, നന്ദി എന്നീ വിഗ്രഹങ്ങളിരിക്കുന്ന ഭാഗത്തേക്ക് ഹൈന്ദവരെ പ്രവേശിപ്പിക്കാനും ആരാധന നടത്താനും അനുവദിക്കണമെന്ന ആവശ്യം പ്രാദേശിക ഭക്തർ ഉന്നയിച്ചത്. നാല് പ്രതിഷ്ഠകളും ഗ്യാൻവാപി മസ്ജിദിന്റെ ഭാഗത്തായതിനാൽ ഹൈന്ദവ ആരാധനകൾ നടത്താൻ സാധിച്ചിരുന്നില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിനകത്ത് വിഗ്രഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. കമ്മീഷണറുടേയും അഭിഭാഷകരുടേയും നേതൃത്വത്തിൽ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഉത്തരവിട്ടത്. നിലവിൽ മസ്ജിദിന്റെ കവാടത്തിൽ നിന്ന് നോക്കിയാൽ കാണുന്നത് പൊട്ടിപ്പൊളിഞ്ഞ തൂണുകളും ചുവരുകളും മാത്രമാണ്.

Share
Leave a Comment