ഗുവാഹട്ടി: ദിവസങ്ങളായി തുടരുന്ന മഴ അസമിലെ നാല് ലക്ഷത്തോളം പേരെ ബാധിച്ചിരിക്കുകയാണ്. പെയ്തിറങ്ങിയ മഴയിൽ സംസ്ഥാനത്തെ 26 ജില്ലകൾ വെള്ളത്തിനടിയിലായി. കനത്തമഴ മണ്ണിടിച്ചിലിലേക്കും വെള്ളപ്പൊക്കിത്തിലേക്കും നയിച്ചു. റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും താറുമാറായി. അസമിന് എല്ലാ സഹായവും ഉറപ്പ് നൽകുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
കേന്ദ്രം അധികം എൻഡിആർഎഫ് സംഘത്തെ പ്രദേശത്തേയ്‌ക്ക് അയക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും എല്ലാ സഹായവും നൽകുമെന്നും അമിത്ഷാ ഹിമന്തയെ അറിയിച്ചു. ദിമ ഹസാവോ, ഹോജായ്, കച്ചാർ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രളയം കൂടുതലായി ബാധിച്ചിരിക്കുന്നത്.
നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രശ്‌ന ബാധിത മേഖലകളിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നതിന് അവശ്യമായ നടപടികൾ, വൈദ്യുതി വിതരണം, ഗതാഗതം എന്നിവയൊക്കെ യോഗത്തിൽ ചർച്ചയായി. പ്രളയത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 ജില്ലകളിലായി 4,03,352 പേരെ ബാധിച്ചു. ഇതുവരെ 89 ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് തുറന്നിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലുമായി 39558 പേർ താമസിക്കുന്നുണ്ട്. എട്ട് പേരാണ് ഇതുവരെ പ്രളയത്തിൽ അകപ്പെട്ട് മരിച്ചത്. മൂന്ന് പേർ വെള്ളപ്പൊക്കത്തിലും അഞ്ച് പേർ ഉരുൾ പൊട്ടലിലുമാണ് മരിച്ചത്.
















Comments