ഗുജറാത്ത് ; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ഗാന്ധി നഗറിൽ നവ്‌സാരി ജില്ലയിൽ മിന്താബാരി ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് ലഭിച്ച സമ്മാനം ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
രണ്ട് ദിവസം മുൻപാണ് ലതേഷ് ഗവിത്ത് നവ്സാരി ജില്ലയിലെ ഗംഗാപുർ ഗ്രാമത്തിൽ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. വിവാഹത്തിന് ഇവർക്ക് ബന്ധുക്കളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ ഇയാളും മൂന്ന് വയസ് പ്രായമുള്ള അനന്തരവനും ചേർന്നാണ് തുറന്നത്. അതിനിടെ പൊതികളിൽ ഒന്നിൽ ഉണ്ടായിരുന്ന പാവ ശ്രദ്ധയിൽപെട്ടു. ലിതേഷും ജിയാനും ചേർന്ന് ഇത് ചാർജ് ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.
ലിതേഷിന് കൈകൾക്കും, തലയ്‌ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. വലത് കൈപ്പത്തി അറ്റുപോയി. ജിയാന് തലയ്‌ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശവാസിയായ രാജു പട്ടേലാണ് പാവ സമ്മാനമായി നൽകിയത് എന്നാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്. ഇയാൾ വധുവിന്റെ സഹോദരിയുമായി പ്രണയബന്ധത്തിലായിരുന്നു. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് സ്‌ഫോടനം നടത്തിയത് എന്നാണ് വിവരം. ഇയാൾക്ക് വധുവുമായും ബന്ധമുണ്ടായിരുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
Comments