ഡെറാഡൂൺ: ഗംഗോത്രിയിൽ ഫിലിസബെത്തിനായി കതിർമണ്ഡപമൊരുങ്ങി. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെ ഫിലിസബെത്തിന്റെ കഴുത്തിൽ ജോസ് ഗോൺസാലെൻ താലി ചാർത്തി. ഇരുവർക്കും അനുഗ്രഹാശിസുകൾ നേർന്ന് കാരണവരായി ഹിമാലയവും. ഹിന്ദു വിശ്വാസപ്രകാരം വിവാഹം കഴിക്കണമെന്ന പനാമ സ്വദേശികളുടെ വർഷങ്ങളായുള്ള ആഗ്രഹത്തിന് ഗംഗോത്രിയിൽ സാഫല്യം.
തിങ്കളാഴ്ചയായിരുന്നു ഫിലിസബെത്തും, ജോസ് ഗോൺസാലെനും തമ്മിലുള്ള വിവാഹം. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിന് തീർത്ഥ പുരോഹിതരായ ആചാര്യ വിപിൻ സെർമവാളും പവൻ സെമ്വാളും നേതൃത്വം നൽകി. ഗംഗോത്രിയിൽ ദർശനത്തിനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു വിവാഹം.
ക്രിസ്ത്യാനികളായി ജനിച്ചെങ്കിലും ഹിന്ദു വിശ്വാസം മുറുകെ പിടിക്കുന്നവരാണ് ഇരുവരും. ആത്മീയതയിൽ തത്പരരായ ഇവരെ ഏറ്റവും കൂടുതൽ ആകർഷിച്ച സ്ഥലം ആയിരുന്നു ഗംഗോത്രി. ഇതേ തുടർന്നാണ് ഇവിടെ വെച്ചുതന്നെ ഒരുമിച്ചുള്ള യാത്ര തുടങ്ങാൻ ഇരുവരും തീരുമാനിച്ചത്. കാലങ്ങളായുള്ള തങ്ങളുടെ ആഗ്രഹമാണ് പൂർത്തീകരിക്കപ്പെട്ടതെന്ന് വിവാഹത്തിന് ശേഷം ഫിലിസബെത്ത് പറഞ്ഞു. ഇപ്പോൾ തങ്ങൾ അനുഗ്രഹിക്കിപ്പെട്ടെന്നും ഫിലിസബെത്ത് പ്രതികരിച്ചു.
Comments