റായ്പൂർ: ഛത്തീസ്ഗഡിൽ ഫോണിലൂടെ ഭാര്യയെ മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. ജഷ്പൂർ സ്വദേശി ഇഷ്തിയാഖ് അലമിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ കേസ് എടുത്തത്. പ്രസവിക്കാൻ കഴിവില്ലെന്ന് ആരോപിച്ചാണ് ഇഷ്തിയാഖ് മൊഴി ചൊല്ലി ബന്ധമുപേക്ഷിച്ചതെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2007 ലായിരുന്നു യുവതിയും ഇഷ്തിയാഖുമായുള്ള വിവാഹം. എന്നാൽ ഒരു വർഷം കഴിഞ്ഞും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. ഇതേ തുടർന്ന് ഇഷ്തിയാഖും വീട്ടുകാരും യുവതിയെ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയാക്കി. വർഷങ്ങളായുള്ള ഉപദ്രവം സഹിക്കാതെ ആയതോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ യുവതി സ്വന്തം വീട്ടിലേക്ക് വന്നു. ഇതിന് പിന്നാലെ ഫോണിൽ യുവതിയെ ബന്ധപ്പെട്ട ഇഷ്തിയാഖ് മൊഴി ചൊല്ലുകയായിരുന്നു.
തുടർന്ന് യുവതി നിരവധി തവണ തിരിച്ച് വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. ഇതോടെ യുവതിയും, സഹോദരനും ഇഷ്തിയാഖിന്റെ വീട്ടിൽ എത്തി കാര്യം അന്വേഷിച്ചു. എന്നാൽ ഇവരെ ഇയാളും കൂട്ടരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് പ്രശ്‌നം പരിഹരിക്കാൻ നിരവധി തവണ യുവതി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ഇഷ്തിയാഖ് വേറെ വിവാഹം കഴിച്ചു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
കുൻകുരി പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം ഇഷ്തിയാഖിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
















Comments