തിരുവനന്തപുരം; ബ്രൂവറി അഴിമതിക്കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ. തുടർന്ന് കേസ് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് കോടതി നടപടി.
കേസിൽ സാക്ഷി മൊഴി നൽകാൻ മുൻമന്ത്രിമാരായ ഇ.പി ജയരാജനും വി.എസ് സുനിൽകുമാറും ഇന്നും ഹാജരായില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതലയിലാണെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെയായിരുന്നു ഹർജി.
ബിയർ നിർമാണത്തിന് പുതിയ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് ആയിരുന്നു ആരോപണം.
കേസ് നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചുവെങ്കിലും കോടതി ഇത് തളളുകയായിരുന്നു. ബ്രൂവറി അനുവദിച്ചതിന്റെ ഫയലുകൾ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Comments