മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് വിലക്ക്.
കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനും നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരന്മാർക്കും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവധ പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം.
വിലക്കേർപ്പെടുത്തിയ മുഴുവൻ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാഷിങ്ടൺ സ്വീകരിച്ച ശത്രുതാപരമായ നടപടികൾക്ക് തിരിച്ചടി ലഭിക്കുമെന്നും റഷ്യ പ്രതികരിച്ചു. ഏറ്റവും ഒടുവിലായി യുക്രെയ്ന് 40 ബില്യൺ ഡോളർ സഹായം നൽകുന്നതിനുള്ള നിയമനിർമാണത്തിൽ യുഎസ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചതോടെയാണ് റഷ്യ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
Comments