ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇത്തവണ ഈദ് ദിനത്തിൽ റോഡുകളിലിരുന്ന് നമാസ് പ്രാർത്ഥന നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിച്ചതോടെ ജനങ്ങൾ ശബ്ദ മലിനീകരണം കൂടാതെ സമാധാനത്തോടെ ജീവിക്കുന്നുണ്ട്. മാഫിയ ഡോണുകൾ അഴിഞ്ഞാടി നടന്നിരുന്ന യുപിയിലെ ക്രമസമാധാന നിലനിർത്താൻ ബിജെപി സർക്കാരിന് സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആർഎസ്എസ് മാഗസിനുകളായ ഓർഗനൈസർ, പാഞ്ചജന്യം എന്നിവയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കലാപങ്ങളുണ്ടായി. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തോ അതിന് ശേഷമോ യുപിയിൽ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ശേഷം യുപിയിൽ രാമനവമി ആവേശത്തോടെ ആഘോഷിച്ചു. ഹനുമാൻ ജയന്തി ആഘോഷങ്ങൾ സമാധാനപരമായി നടന്നു. ഇതേ യുപിയിലാണ് പണ്ട് ചെറിയ പ്രശ്നങ്ങൾ പോലും കലാപത്തിലേക്ക് നയിച്ചിരുന്നത്.
ഈദ് ദിനത്തിൽ റോഡിൽ നിസ്‌കാരം നടക്കാത്തത് യുപിയിലെ ജനങ്ങൾ ആദ്യമായി കണ്ടിട്ടുണ്ടാകും. സംസ്ഥാനത്തെ മസ്ജിദുകളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്‌ക്കുകയോ അല്ലെങ്കിൽ അത് പൂർണമായും നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ ഉച്ചഭാഷിണികൾ സ്‌കൂളുകൾക്കും ആശുപത്രികൾക്കും അവരുടെ ഉപയോഗത്തിനായി സംഭാവന ചെയ്യുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Comments