ശ്രീനഗർ: ജമ്മു കശ്മീരിലെ പോലീസ് മെഡലുകളിൽ മുൻ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രത്തിന് പകരം ദേശീയ ചിഹ്നം മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ട് ജമ്മു കശ്മീർ സർക്കാർ. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ സ്ഥാപകനായ അബ്ദുള്ള ‘ഷേർ-ഇ-കശ്മീർ’ എന്നാണ് അറിയപ്പെടുന്നത്. ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രത്തിന് പകരമായിട്ടാണ് പോലീസ് മെഡലുകളിൽ ദേശീയ ചിഹ്നം പതിക്കുന്നത്. ഫിനാൻഷ്യൽ കമ്മീഷണറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ രാജ് കുമാർ ഗോയലാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
ഇന്ത്യ ഗവൺമെന്റിന്റെ ദേശീയ ചിഹ്നമായിരിക്കും ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ചിത്രത്തിന് പകരമായി മെഡലുകളിൽ പതിപ്പിക്കുകയെന്ന് ഇതിൽ പറയുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന ചിഹ്നമായിരിക്കും മറു വശത്ത് ഉണ്ടാവുക. വിശിഷ്ടസേവനത്തിനും ധീരതയ്‌ക്കുമായിട്ടാണ് ഈ മെഡലുകൾ നൽകാറുള്ളത്. ഇവയിൽ ഏത് വിഭാഗത്തിലാണ് മെഡൽ ലഭിച്ചിരിക്കുന്നതെന്ന കാര്യവും മെഡലിൽ ആലേഖനം ചെയ്തിരിക്കും.
2001 മുതലാണ് ധീരതയ്‌ക്കും വിശിഷ്ടസേവനത്തിനുമുള്ള മെഡലുകൾ നൽകി തുടങ്ങിയത്. പുതുവർഷം, റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ അവസരങ്ങളിലാണ് മെഡലുകൾ നൽകുന്നത്. ‘ഷേർ-ഇ-കശ്മീർ പോലീസ് മെഡലുകൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ഇവ ‘ജമ്മു കശ്മീർ പോലീസ് മെഡലുകൾ’ എന്ന പേരിൽ അറിയപ്പെടുമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.
















Comments