ലണ്ടൻ: മങ്കിപോക്‌സ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയുമായി യൂറോപ്പ്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് 21 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തണമെന്നാണ് ബ്രിട്ടന്റെ നിർദേശം. ഇതിനോടകം 126 പേർക്കാണ് ലോകത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
ബ്രിട്ടണിൽ ഇതുവരെ 56 പേർക്ക് മങ്കിപോക്‌സ് ബാധിച്ചിട്ടുണ്ട്. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ 27 പേർക്കും പോർച്ചുഗീസിൽ 14 പേർക്കും യുഎസിൽ മൂന്ന് പേർക്കും രോഗമുണ്ട്. സ്‌കോട്ട്‌ലാൻഡിലും ഡെൻമാർക്കിലും ആദ്യ കേസുകളും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൊൽക്കത്ത എയർപോർട്ടിൽ എത്തിയ യാത്രക്കാർക്കിടയിൽ ലക്ഷണങ്ങൾ പ്രകടമായതിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. കൈകളിലും മുഖത്തും പാടുകളും പനിയുമാണ് ചില യാത്രക്കാർക്ക് അനുഭവപ്പെട്ടത്. ഇവരെ മങ്കിപോക്‌സ് പരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചിക്കൻപോക്‌സിനും വസൂരിക്കും സമാനമായ രോഗലക്ഷണങ്ങളാണ് പൊതുവെ മങ്കിപോക്‌സ് ബാധിതരും പ്രകടിപ്പിക്കുക. കുരങ്ങിൽ നിന്ന് പടരുന്ന വൈറൽ രോഗമാണിതെന്ന് പറയപ്പെടുന്നു. മനുഷ്യരിൽ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെങ്കിലും രോഗിയുമായി വളരെ അടുത്ത് ഇടപഴകുന്നതിലൂടെ വൈറസ് പടരാം. നിലവിൽ വസൂരിയെ നേരിടാൻ ഉപയോഗിക്കുന്ന വാക്‌സിനാണ് മങ്കിപോക്‌സ് ബാധിതർക്കും നൽകുന്നത്.
Comments