ബീജീംഗ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. ക്വാഡ് സഖ്യത്തിന്റെ ബലത്തിൽ തങ്ങളെ ആക്രമിക്കുക എന്നത് ചിന്തിക്കുക പോലും വേണ്ടെന്നും തങ്ങളുടെ ശക്തിയെ കുറച്ചുകാണരുതെന്നും ബീജിങ് മുന്നറിയിപ്പ് നൽകി. ഇന്നലെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിൽ ചൈന തായ്വാനെതിരെ നടത്തുന്ന സൈനിക നീക്കത്തിനെ നേരിടാൻ മടിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയാണ് ചൈനയെ ചൊടുപ്പിച്ചത്.
‘തങ്ങളുടെ അഖണ്ഡതയ്ക്ക് നേരെ വരുന്ന ഏതു ശക്തിയേയും നേരിടും. തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. പസഫിക്കിലെ സൈനിക നീക്കം തങ്ങൾക്കെതിരാണ്. അതിനെ അതേ നാണയത്തിൽ നേരിടും.’ ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് വാങ്ക് വെൻബിൻ പറഞ്ഞു.
തായ്വാൻ തങ്ങളുടെ സുഹൃദ് രാജ്യമാണ്. പസഫിക്കിൽ ചൈന തായ്വാന് നേരെ നടത്തുന്നത് കടുത്ത സൈനിക സമ്മർദ്ദമാണ്. കഴിഞ്ഞ രണ്ടുവർഷമായി നടത്തുന്ന എല്ലാ നീക്കങ്ങളും നിരീക്ഷിക്കുകയാണ്. തായ് വാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യ തൊട്ടുചേർന്നുകിടക്കുന്ന ഭൂവിഭാഗമെന്ന നിലയിൽ യുക്രെയ്നെ ആക്രമിച്ചു കൊണ്ടിരിക്കുന്ന അതേ നയം ചൈന പിന്തുടരാനുള്ള സാദ്ധ്യത ലോകരാഷ്ട്രങ്ങൾ മുന്നറിയിപ്പായി രണ്ടു മാസം മുന്നേ സൂചിപ്പിച്ചിരുന്നു. രണ്ടാഴ്ചയായി ചൈന അതേ മുന്നറിയിപ്പിനെ ശരിവയ്ക്കുന്ന തരത്തിൽ തായ് വാൻ അതിർത്തിയിലേക്ക് സൈനിക മുന്നേറ്റം ശക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നതോടെ പസഫിക്കിലെ അമേരിക്കൻ സൈനിക വിഭാഗം ജാഗ്രതയിലാണ്.
Comments