ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 പേർ കൊല്ലപ്പെട്ടു. ഇതിൽ 18 പേർ കുട്ടികളും മറ്റ് മൂന്ന് പേർ സ്‌കൂൾ ജീവനക്കാരുമാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്.
അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇയാൾ 18-കാരനായ സാൽവദോർ റാമോസാണെന്ന് തിരിച്ചറിഞ്ഞു. സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്‌കൂളിലെത്തി വെടിവെയ്പ്പ് നടത്തിയത്. അക്രമിയുടെ കൈയ്യിൽ ഒരു ഹാൻഡ് ഗണ്ണും റൈഫിളുമുണ്ടായിരുന്നു. ടെക്‌സാസ് ഗവർണർ ഗ്രഗ് അബോട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കിയത്.
ഏകദേശം 600-ഓളം കുട്ടികൾ പഠിക്കുന്ന ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂൾ ക്യാമ്പസിൽ ഉച്ചയോടെയെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ രണ്ട് പോലീസുകാർക്കും വെടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിലാണ്. കൂടാതെ സ്‌കൂളിലെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ടെക്‌സാസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അപലപനീയമായ ആക്രമണമാണ് നടന്നതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നാലെ അമേരിക്കയിൽ ദേശീയ പതാക താഴ്‌ത്തിക്കെട്ടി. സൂര്യാസ്തമയം വരെ ദേശീയ പതാക താഴ്‌ത്തിക്കെട്ടണമെന്നും ശനിയാഴ്ച വരെ തുടരണമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം. യുഎസ് ഭരണകൂടം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തോക്ക് നയത്തിൽ കാര്യമായ മാറ്റം വേണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. ദക്ഷിണ കൊറിയ-ജപ്പാൻ സന്ദർശനത്തിന് ശേഷം ബൈഡൻ മടങ്ങിയെന്നാണ് റിപ്പോർട്ട്.
















Comments