ന്യൂഡൽഹി : കോൺഗ്രവ് വിട്ട് സമാജ് വാദിപാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ഇത്രയും നാൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചെന്നും ഇനി സ്വതന്ത്രനായി രാജ്യത്തെ സേവിക്കാൻ സമയമായെന്നും സിബൽ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിബലിന്റെ പ്രതികരണം.
30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി വിട്ട് സ്വതന്ത്രമായ പ്രവർത്തിക്കാൻ സമയമായി. ഒരു കാരണവശാലും കോൺഗ്രസിനെതിരെ സംസാരിക്കില്ല. പ്രതിപക്ഷ നേതാക്കളുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശുമായി നല്ല ബന്ധമാണുള്ളതെന്ന് തന്റെ ഭാര്യ എപ്പോഴും പറയുമായിരുന്നു. രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമാജ് വാദി പാർട്ടിയുടെ പിന്തുണ വേണമെന്ന് അഖിലേഷ് യാദവിനോട് ചോദിച്ചു. എതിർത്തൊന്നും പറയാതെ അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സിബൽ പറഞ്ഞു. അതല്ലാതെ സമാജ്‌വാദിയുമായി മറ്റൊരു കരാറുമില്ലെന്ന് സിബൽ വ്യക്തമാക്കി.
കോൺഗ്രസ് വിട്ട കപിൽ സിബൽ ഉത്തർപ്രദേശിൽ എസ്പിയുടെ ടിക്കറ്റിലാണ് രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിട്ട കാര്യം കപിൽ സിബൽ സ്ഥിരീകരിച്ചത്. ലക്നൗവിൽ, അഖിലേഷ് യാദവിനും എസ്പി നേതാക്കൾക്കും ഒപ്പം എത്തിയാണ് അദ്ദേഹം രാജ്യസഭാ സീറ്റിനായുള്ള പത്രിക നൽകിയത്. വൻ തോൽവിക്ക് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കോൺഗ്രസിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
Comments