കൊച്ചി: നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 30-ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിരുന്നു. യാത്രാരേഖ സമർപ്പിച്ചാൽ മാത്രമെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നടി അയച്ച വാട്ട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ജാമ്യ ഹർജിയോടൊപ്പം വിജയ് ബാബു കോടതിക്ക് കൈമാറിയിട്ടുണ്ട്. തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ജാമ്യം നൽകണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ബലപ്രയോഗം നടന്നിട്ടില്ലെന്നും വിജയ് ബാബു ഹർജിയിൽ വ്യക്തമാക്കുന്നു. അതിനിടെ ഗോൾഡൻ വീസ നടപടികൾക്കായാണ് ദുബായിയിലേക്ക് പോയതെന്നും നടൻ കോടതിയെ ബോധിപ്പിച്ചു.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിന് വേണ്ടി നിരന്തരം താനുമായി ബന്ധപ്പെട്ടിരുന്നു. പലതവണയായി നടി പണം
കടം വാങ്ങിയിട്ടുണ്ട്. വിഷുവിന് കണി കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി. സിനിമയിൽ മറ്റൊരു നടിക്ക് അവസരം കൊടുത്തതിന്റെ പ്രകോപനമാണ് ഇപ്പോൾ തനിക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കാൻ കാരണമെന്നും വിജയ് ബാബു പറയുന്നു.
















Comments