രാജസ്ഥാനിലെ അൽവാറിൽ യുവാവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വൈറലായിരിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഇരയായ യുവാവിന്റെ ദൃശ്യം വീടിന്റെ ഡ്രോയിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ അജിത് യാദവ് എന്നയാളാണ് മർദനത്തിന് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഭാര്യയിൽ നിന്നും ക്രിക്കറ്റ് ബാറ്റിന് പല ദിവസങ്ങളിലും അടിയേൽക്കുന്നതായാണ് പരാതി. രണ്ടു വ്യത്യസ്ത ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഒന്നിൽ ഭാര്യയും ഭർത്താവും മാത്രമുള്ള സമയത്ത് അടികിട്ടുന്നതും രണ്ടാമത്തേതിൽ 12 വയസ്സുള്ള മകനറെ മുന്നിൽ വെച്ച് ഭർത്താവിനെ തല്ലി വീടിന് പുറത്തേക്ക് ഇറക്കിവിടുന്ന ദൃശ്യങ്ങളും ഞെട്ടിക്കുന്നതാണ്. ആദ്യ ദൃശ്യങ്ങളിൽ സ്വയം സംരക്ഷിക്കുന്നതിനായി കൈകളിൽ തലയിണ കരുതിയിട്ടുണ്ട്. ഭാര്യ സുമൻ ക്രിക്കറ്റ് ബാറ്റുമായി ഭർത്താവിനെ അടിക്കുന്നതും, കൊളളാതിരിക്കാൻ ഓടിമാറുന്നതും കാൽമുട്ടിനടി കിട്ടി തിരുമ്മിക്കൊണ്ട് സോഫയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടാമത്തേതിൽ വീട്ടിനകത്തു നിന്നും തല്ല് സഹിക്കാനാകാതെ വാതിൽ തുറന്ന് പെട്ടന്ന് പുറത്തേക്ക് ഓടുന്നതാണ്. പുറത്തിറങ്ങുന്നതിനിടയിൽ തലയ്‌ക്ക് ബാറ്റുകൊണ്ടുള്ള അടികിട്ടി അദ്ധ്യാപകൻ തലതിരുമ്മിക്കൊണ്ട് ഓടിപോകുന്നതും ദൃശ്യത്തിലുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
പീഡനത്തിനിരയായ വ്യക്തി ഒരു സ്‌കൂൾ പ്രിൻസിപ്പൽ ആണെന്നും, സുമൻ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് ഏഴ് വർഷമായതായും പറയുന്നു. അജിത് യാദവ് ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയായ സുമനുമായി പ്രണയവിവാഹം ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതത്തിൽ കലഹങ്ങൾ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.
ഗാർഹിക പീഡനത്തിന് ഇരയായതായി കാണിച്ച് അജിത് യാദവ് കോടതി സംരക്ഷണം ആവശ്യപ്പെട്ടു. താൻ വളരെക്കാലമായി ഗാർഹിക പീഡനത്തിന് ഇരയാണെന്നും എന്നാൽ ഒരിക്കൽ പോലും ഭാര്യക്കെതിരെ കൈ ഉയർത്തിയിട്ടില്ലെന്നും അജിത് യാദവ് ആരോപിച്ചു. ഭിവാദി കോടതിയിൽ ഔദ്യോഗിക പരാതി നൽകിയ യാദവ് ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഭിവാഡി കോടതിയിൽ നിന്ന് സംരക്ഷണം തേടുന്നതിനായി ഇയാൾ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്.
അക്രമണത്തിൽ പരിക്കേറ്റ യാദവിന് വൈദ്യസഹായം ലഭിച്ചിട്ടുണ്ട്. കേസെടുക്കാനുള്ള തന്റെ നിലപാടിനെക്കുറിച്ച് സംസാരിച്ച പ്രിൻസിപ്പൽ ആയ യാദവ് പറഞ്ഞു, ‘എന്റെ ഭാര്യ എല്ലാ പരിധികളും ലംഘിച്ചതിനാൽ ഞാൻ കോടതിയിൽ അഭയം പ്രാപിച്ചു.’ താൻ ഒരിക്കലും സുമന്റെ നേരെ കൈ ഉയർത്തിയിട്ടില്ല, നിയമം കൈയിലെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു അദ്ധ്യാപകന് ആണ്. അദ്ധ്യാപകൻ ഒരു സ്ത്രീക്ക് നേരെ കൈ ഉയർത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്താൽ അത് ഇന്ത്യൻ സംസ്‌കാരത്തിനും തന്റെ നിലപാടിനും എതിരാണ്.
















Comments