കൊച്ചി: വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകളുകളുമായി ബന്ധപ്പെട്ട് പി.സി ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജിയുൾപ്പെടെ മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. അതേസമയം ജയിലിൽ കഴിയുന്ന പി.സി ജോർജിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെയും പോലീസിന്റെയും ആവശ്യം
തിരുവനന്തപുരം പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഇന്നലെ അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയാകും കോടതി ആദ്യം പരിഗണിക്കുക. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിലാണ് ഹർജിയുള്ളത്. രാവിലെ 10 മണിയോടെ ഈ ഹർജി പരിഗണിക്കും. തിരുവനന്തപുരം പ്രസംഗ കേസിൽ ജാമ്യം ആവശ്യപ്പെട്ട് പി.സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. വെണ്ണല പ്രസംഗകേസിൽ അദ്ദേഹത്തിന്റെ ജാമ്യ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനാൽ പി.സി ജോർജിനെ കസ്റ്റഡിയിൽ വേണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി.സി ജോർജിന് ലഭിച്ച ജാമ്യം കോടതി റദ്ദാക്കിയത്.
Comments