ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ഉച്ചഭാഷിണികൾ എടുത്തുമാറ്റാൻ നിരവധി ആരാധനാലയങ്ങൾ തയ്യാറായിരുന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഉച്ചഭാഷിണികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൈമാറി മാതൃകയായിരിക്കുകയാണ് പിലിഭിട്ട് ജില്ലയിലെ ആരാധനാലയങ്ങൾ.
ജില്ലയിൽ തന്നെയുള്ള വിദ്യാമന്ദിർ കോളേജിലേക്കും വിവിധ സ്‌കൂളുകളിലേക്കുമാണ് ഉച്ചഭാഷിണികൾ വിതരണം ചെയ്തത്. എസ്പി ദിനേഷ് കുമാറിന്റെയും മതപുരോഹിതന്മാരുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. പിലിഭിട്ട് ജില്ലയിലുടനീളമുള്ള ക്ഷേത്രങ്ങളിലെയും മസ്ജിദുകളിലേയും ഗുരുദ്വാരകളിലേയും ഉച്ചഭാഷിണികളാണ് ഇത്തരത്തിൽ കൈമാറിയത്.
ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഉച്ചഭാഷിണികൾ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് എസ്പി പ്രതികരിച്ചു. ഓഗസ്റ്റ് 15, ജനുവരി 26, വാർഷികാഘോഷം തുടങ്ങിയ വിശേഷ ദിനങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് ഉച്ചഭാഷിണികൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇത് ഉത്തമമായ നീക്കമാണെന്നും എസ്പി ദിനേഷ് കുമാർ അഭിപ്രായപ്പെട്ടു.
യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന് കാരണമാകുന്ന പതിനായിരക്കണക്കിന് ഉച്ചഭാഷിണികളാണ് എടുത്തുമാറ്റിയത്. ആരാധനാലയങ്ങൾക്ക് നേരെയുള്ള നടപടിയല്ലെന്നും സാമൂഹ്യപ്രശ്‌നത്തിനുള്ള പരിഹാരമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഒന്നുകിൽ ഉച്ചഭാഷിണികളുടെ ശബ്ദം താഴ്‌ത്തുകയോ പൂർണമായോ എടുത്തുമാറ്റുകയോ ചെയ്യണമെന്നാണ് സർക്കാർ നിർദേശം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും യോഗി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments